നിലമ്പൂർ: യജമാനനെ കാട്ടാന ആക്രമിക്കാനൊരുങ്ങുന്നത് കണ്ട ഡിങ്കു പിന്നൊന്നും ആലോചിച്ചില്ല, തുമ്പിക്കൈയില്‍ ചാടിക്കയറി കടിച്ചു. എന്നാൽ, യജമാനനെ രക്ഷിക്കുന്നതിനിടെ നായുടെ താടിയെല്ല് പൊട്ടി. ചോക്കാട് സ്വദേശി തടിയൻവീട് ഷാനവാസിനെയാണ് വളര്‍ത്തുനായ് ഡിങ്കു, ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തോട്ടം നനക്കാൻ സ്ഥാപിച്ച സ്പ്രിങ്ക്ളർ ഒാഫ് ചെയ്യാൻ പോയ ഷാനവാസിെൻറ കൂടെ ഡിങ്കുവുമുണ്ടായിരുന്നു. രാത്രിയിൽ പിറകിലൂടെ വന്ന കാട്ടാനയെ ഷാനവാസ് കണ്ടിരുന്നില്ല. അപകടം മുന്നിൽ കണ്ട ഡിങ്കു തുമ്പിക്കൈയില്‍ കടിച്ചതോടെ ആന പിന്‍വാങ്ങി. എന്നാൽ, ആനക്കൂട്ടത്തിൽനിന്ന് പാഞ്ഞടുത്ത മറ്റൊരു കൊമ്പന്‍ ഡിങ്കുവിനെ അടിച്ചുതെറിപ്പിക്കുകയായിരുന്നു. താടിയെല്ല് പൊട്ടിയ ഡിങ്കുവിനെ നിലമ്പൂര്‍ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. കാടിനോട് ചേര്‍ന്ന വീട്ടിലെ കാവല്‍നായ് ആണ് പിറ്റ്ബുള്‍ ടെറിയര്‍ ഇനത്തില്‍പെട്ട ഡിങ്കു. താടിയെല്ല് നേരെയാക്കാൻ ഒന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് ഡോക്ടര്‍മാരായ ഡോ. പി.കെ. പ്രതാപ്, ഡോ. ജിനു ജോൺ, ഡോ. ഫിദ, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നൽകി. പരിക്കേറ്റ ഡിങ്കു ഡോക്ടർമാരുടെ പരിചരണത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.