വണ്ടൂർ: പോരൂർ എരഞ്ഞിക്കുന്ന് പട്ടികജാതി വ്യവസായ കേന്ദ്രത്തിലെത്തിയാൽ കഠിനാധ്വാനം ചെയ്യുന്ന ഒരുപറ്റം വനിതതൊഴിലാളികളെ കാണാം. എന്നാൽ, തൊഴിലുറപ്പ് ജോലിക്കുപോലും 258 രൂപ കൂലി ലഭിക്കുന്ന കാലത്തും ഇവർക്ക് ദിവസം 100 രൂപപോലും ലഭിക്കുന്നില്ല. മലപ്പുറം ഖാദിഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ കേന്ദ്രത്തിൽ 27 പട്ടികജാതി വനിതകളാണ് ജോലിക്കുള്ളത്. ഇതിൽ രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന കൂലി മാസം 1000 രൂപ വരെയാണ്. ഡി.എ എന്ന പേരിൽ 1000 കൂടി കിട്ടുമെങ്കിലും ഇത് സമയത്തിന് ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. കൂലിയുടെ നേർപകുതിയാണ് ഡി.എ ആയി കണക്കാക്കുന്നത്. ഇത് പലപ്പോഴും വർഷത്തിൽ രണ്ടോ മൂന്നോ തവണകളായാണ് ലഭിക്കുക. ഖാദി ബോർഡ് നൽകുന്ന പരുത്തി നൂലാക്കി ചർക്കയിലിട്ട് വേർതിരിച്ച് വേണം തറിയിലിട്ട് നെയ്തെടുക്കാൻ. ഇത്തരത്തിൽ ഒരു മീറ്റർ തുണി നെയ്തെടുത്താൽ 44 രൂപ മാത്രമാണ് ലഭിക്കുക. ഇതേ തുണി അവിടെതന്നെ വിൽപന നടത്തുന്നത് 307 രൂപക്കാണ്. ഖാദിയുടെ മറ്റ് കേന്ദ്രങ്ങളിലെത്തുന്നതോടെ വില വീണ്ടും ഉയരും. 2010ൽ തുടങ്ങിയ കേന്ദ്രത്തിൽ ആദ്യം 60ലധികം ജോലിക്കാരുണ്ടായിരുന്നു. കൂലികുറവിനാൽ പലരും നിർത്തിപ്പോയി. മറ്റ് ജോലികളറിയാത്തതുകൊണ്ടാണ് ഈ മേഖലയിൽ തുടരുന്നതെന്നാണ് ഇവിടെയുള്ള തൊഴിലാളികൾ പറയുന്നത്. സാമഗ്രികളുടെ കാലപ്പഴക്കം മൂലമുള്ള ജോലിയും ചെയ്യാനാവുന്നില്ലെന്നാണ് തൊഴിലാളികളുടെ മറ്റൊരു പരാതി. കൂലിക്കുപുറമെ ഇൻസൻറീവടക്കം നൽകുന്നുണ്ടെന്നും തൊഴിലാളികളുടെ ഡി.എ വൈകുന്ന പ്രശ്നം പരിഹരിക്കാൻ തീരുമാനമായിട്ടുണ്ടെന്നും ഇനി അതാത് മാസങ്ങളിൽ നൽകാനാണ് തീരുമാനമെന്നും ജില്ല ഖാദി വ്യവസായ ഓഫിസർ കെ. സിയാവുദ്ദീൻ അറിയിച്ചു. പോരൂർ എരഞ്ഞിക്കുന്നിലെ വനിതവ്യവസായ കേന്ദ്രത്തിലെ നൂൽനൂൽപ് കേന്ദ്രം wdr photo. Kadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.