മന്ത്രിക്ക് 'ഊരുവിലക്ക്' ഏർപ്പെടുത്തണമെന്ന് കൗൺസിലർമാർ; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

കോട്ടക്കൽ: നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ സംഭവങ്ങൾ. നഗരസഭയുടെ വിദ്യാർഥികൾക്കുള്ള ഡിക്ഷ്ണറി പദ്ധതിയുടെ ഉദ്ഘാടനത്തിൽനിന്ന് വിട്ടുനിന്ന മന്ത്രി കെ.ടി. ജലീലിനെ ഇനിമുതൽ നഗരസഭയുടെ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് കൗൺസിലർമാർ. മണ്ടായപ്പുറം അഹമ്മദ് അനുവാദകനായ പ്രമേയം ചെയർമാൻ കെ.കെ. നാസറാണ് സഭയിൽ അവതരിപ്പിച്ചത്. മറ്റു അജണ്ടകൾക്ക് ശേഷമായിരുന്നു വിഷയാവതരണം. ഇതോടെ സി.പി.എം അംഗങ്ങളായ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിഷയം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് ടി.പി. സുബൈർ പറഞ്ഞു. പങ്കെടുക്കാൻ കഴിയില്ലെന്ന് മന്ത്രി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ക്ഷണിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കാത്തതിലുള്ള വികാരം കൗൺസിലർമാർ പ്രകടിപ്പിച്ചതാണെന്നായിരുന്നു ചെയർമാ​െൻറ വിശദീകരണം. സുഗമമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതിനാൽ വിഷയം ചർച്ചചെയ്യുന്നില്ലെന്നും നാസർ വ്യക്തമാക്കി. ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി വാരകൾക്കിപ്പുറത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് ഭരണസമിതിയുടെ ആക്ഷേപം. നഗരസഭ 2018--19 പദ്ധതി മുന്നോരുക്കവുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങൾ വാഗ്വാദത്തിൽ ഏർപ്പെട്ടു. അതേസമയം, സഭ വിട്ടിറങ്ങിയ പ്രതിപക്ഷം മറ്റുനടപടി ക്രമങ്ങളിൽ പങ്കെടുക്കാൻ തിരിച്ചെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.