ഊർപ്പാഴി ചിറ സംരക്ഷിക്കാൻ തെളിനീർ മനസ്സുവേണം

ചിറ ശുചീകരിച്ചാൽ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാവും പരപ്പനങ്ങാടി: ഏക്കർ കണക്കിന് വിസ്തൃതിയിൽ നഗരമധ്യത്തിൽ അന്യാധീനപ്പെട്ടു കിടക്കുന്ന അഞ്ചപ്പുരയിലെ ഊർപ്പാഴി ചിറ സംരക്ഷിച്ചാൽ നാടി​െൻറ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവും. വർഷങ്ങളായി ചളി അടിഞ്ഞും മണ്ണ് തൂർന്നും മലിനമയമായിക്കിടക്കുന്ന ചിറ ശുചീകരിച്ചും ആഴം കൂട്ടിയും ശാസ്ത്രീയ രൂപകൽപന ചെയ്താൽ പരപ്പനങ്ങാടി നഗരസഭയുടെ ദാഹം തീർക്കാൻ സാധിക്കും. അവകാശികൾ തിരിഞ്ഞുനോക്കാത്ത സ്വകാര്യ കുടുംബ സ്വത്താെണങ്കിലും ബസ്സ്റ്റാൻഡ് പോലുള്ള പൊതു ആവശ്യത്തിന് ഇതു വിട്ടുകൊടുക്കാൻ നേരത്തേ അവകാശികൾ സമ്മതമറിയിച്ചിരുന്നു. എന്നാൽ, ജലസ്രോതസ്സ് തകർത്തുള്ള നിർമാണ നിർദേശത്തിനെതിരെ രാഷ്ട്രീയ സംഘടനകൾ രംഗത്തുവന്നതോടെ ആ നീക്കം ഉപേക്ഷിക്കപ്പെട്ടു. എന്നാൽ, ജലസ്രോതസ്സ് നിലനിർത്തി ബസ്സ്റ്റാൻഡ് നിർമാണത്തിന് ശാസ്ത്രീയ നീക്കങ്ങളാവാമെന്ന സമര സംഘടനകളുടെ നിർദേശം അധികൃതർ പരിഗണിച്ചതുമില്ല. പ്രകൃതി കനിഞ്ഞരുളിയ ഈ ജലനിധി ശേഖരം ഉപകാരപ്രദമാക്കി മാറ്റാൻ ഒരുവിധ ശ്രമവും ഇതുവരെ നടന്നിട്ടില്ല. ചിറ ശുചീകരിച്ചാൽതന്നെ പരിസരത്തെ കിണറുകളിലെ കലക്ക് നിറം മാറി തെളിനീർ തെളിമക്ക് ആക്കം കൂടും. അതോടൊപ്പം ശുദ്ധജല ക്ഷാമം നേരിടുന്ന തൊട്ടടുത്ത നെടുവ വില്ലേജിലേക്ക് യഥേഷ്ടം വെള്ളമെത്തിക്കാനും ചിറയുടെ ആധുനികവത്കരണം പ്രയോജനപ്പെടും. ചിറ ഏറ്റെടുക്കാൻ മുനിസിപ്പൽ ഭരണ നേതൃത്വം ആത്മാർഥത കാണിക്കണമെന്നും അളന്ന് തിട്ടപ്പെടുത്തി അക്വയർ ചെയ്യാൻ റവന്യൂ അധികൃതരോട് നേരത്തേ നഗരസഭ ആവശ്യമുന്നയിച്ചതാണെന്നും എന്നാൽ, പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ അധികൃതർ തയാറാവാത്തതാണ് തടസ്സമെന്നും മുനിസിപ്പൽ വാർഡ് കൗൺസിലർ ഹനീഫ കൊടപ്പാളി പറഞ്ഞു. ഊർപ്പായി ചിറയെ തെളിനീർ നിധിയായി സംരക്ഷിക്കണമെന്ന നിർദേശം നഗരസഭ യോഗത്തിൽ സമർപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.