തൃത്താല മേഖലയിൽ പേമാരിക്ക് ശമനം; ദുരിതാശ്വാസ ക്യാമ്പുകൾ സജീവം

ആനക്കര: ഭാരതപ്പുഴ ഗതിമാറി ഒഴുകിയതോടെ തൃത്താല മേഖലയിൽ പലയിടത്തും വെള്ളക്കെട്ടും ദുരിതവും. പലയിടത്തും വാഹനഗതാഗതവും വൈദ്യുതിയും ടെലിഫോണും നിശ്ചലമായി. വ്യാഴാഴ്ച രാത്രിയോടെ തുടങ്ങിയ ദുരിതപെയ്തിന് ശനിയാഴ്ച ഉച്ചയോടെയാണ് സമാപനമായത്. ഇതിനിടെ പുഴയോരത്തെ നൂറ് കണക്കിന് വീടുകളും മറ്റും പുഴ കവർന്നെടുത്തു. ആനക്കര, കുമ്പിടി, കൂടല്ലൂർ, മണ്ണിയെ പെരുമ്പലം മേഴത്തൂർ തുരുത്ത് മംഗലം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. എന്നാൽ, ആളപായമില്ലെന്നത് രക്ഷാപ്രവർത്തനത്തി‍​െൻറ കാഠിന്യം വിളിച്ചറിയിക്കുന്നതാണ്. റവന്യൂ, ഫയർഫോഴ്സ്, പൊലീസ് പഞ്ചായത്തുകൾ, ജനപ്രതിനിധികൾ, സാംസ്കാരിക സംഘടനകൾ എല്ലാം ഒരൊറ്റമനസ്സോടെ രംഗത്തെത്തിയതിനാൽ കൂടുതൽ നാശനഷ്ടം വരുത്താതെയും ആളപായമില്ലാതെയും പ്രളയത്തെ മറികടക്കാനായി. കൂടല്ലൂർ മുതൽ കൂട്ടകടവ് വരെ എട്ട് കിലോമീറ്റർ നീളത്തിലും നാല് കിലോമീറ്റർ വീതിയിലും സമാന്തര പുഴയായി പരിണമിച്ചാണ് ഒഴുകിയത്. കുമ്പിടി കൂടല്ലൂർ ഭാഗങ്ങളിൽ വെള്ളം ഉയർന്നതോടെ ആനക്കര പ്രദേശവും ഏറെഭാഗവും വെള്ളത്തിലായി. നൂറുകണക്കിന് വീടുകളാണ് ഉപയോഗപ്രദമല്ലാതായത്. വയൽ പ്രദേശത്തെ വീടുകളാണ് അതിലേറെയും. ബോട്ടിലും ചെറുവള്ളങ്ങളിലുമായാണ് ഒറ്റപ്പെട്ടവരെയും കൂട്ടമായും രക്ഷപ്പെടുത്തിയത്. ഇതിൽ പലരെയും ബലംപ്രയോഗത്തിലൂടെയും രക്ഷപ്പെടുത്തേണ്ടിവന്നു. പട്ടിത്തറയിൽ കൂമ്പ്രകുന്നിൽ 20 കുടുംബങ്ങളെയും മേഴത്തൂർ തുരുത്തിൽ 15 കുടുംബങ്ങളെയും രക്ഷപ്പെടുത്തി. തൂതയും നിളയും ഒന്നിക്കുന്ന കൂടല്ലൂരിൽ ഇരുഭാഗത്തുനിന്നുമുള്ള ശക്തമായ കുത്തൊഴുക്കും വെള്ളത്തി‍​െൻറ തോത് വർധിച്ചതുമാണ് ഇത്രയേറെ പ്രദേശത്തെ വെള്ളക്കെട്ടിലാഴ്ത്തിയത്. പുഴയുടെ വടക്ക് ഭാഗം നിലിനിർത്തി തെക്ക് ഭാഗത്തേക്കാണ് ഗതിമാറിയത്. തൃത്താല പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് വെള്ളം കയറിയതോടെ ഫയലുകളെല്ലാം കെട്ടി റേക്കിന് മുകളിലും തോക്കുകളും മറ്റും ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലും സൂക്ഷിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും മറ്റും രക്ഷാപ്രവർത്തനത്തിലായിരുന്നു. വെള്ളം വാർന്നതിനെ തുടർന്ന് ശനിയാഴ്ച സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. തൃത്താലയുടെ പലഭാഗത്തും ആനക്കര ഹൈസ്കൂൾ, പട്ടിപ്പാറ, നയ്യൂർ, പന്നിയൂർ, കുമ്പിടി, കൂട്ടകടവ് മദ്റസകൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്ന് വീടുകളിലേക്ക് മടങ്ങാൻ സന്നദ്ധത കാണിക്കുന്നുണ്ടങ്കിലും വീടുകൾ ശുചീകരിക്കാൻ കാലതാമസമാവുമെന്നതിനാൽ പുനരിധിവാസം നീളാനിടയുണ്ട്. ജനകീയ പങ്കാളിത്തത്തിന് സർക്കാറി‍​െൻറ ലൈക്ക് ആനക്കര: തൃത്താലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ പ്രളയകെടുതികളെ ധീരമായി നേരിടാൻ ലഭിച്ച ജനകീയ പങ്കാളിത്തത്തിന് സർക്കാറി‍​െൻറ ലൈക്ക്. ജനപ്രതിനിധികൾ, സാംസ്കാരിക സംഘടനകൾ ചെറുപ്പക്കാർ തുടങ്ങി വിവിധതരത്തിലുള്ളവരാണ് പ്രവർത്തനങ്ങൾക്ക് സഹകരിച്ചത്. ദുരിതബാധിതരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനും അവർക്ക് വേണ്ട ഭക്ഷണം, വസ്ത്രം മരുന്ന് എന്നിവ യഥാസമയം എത്തിക്കാനും ഇത്തര മനുഷ്യസ്നേഹികളുടെ കാരുണ്യം എടുത്തു പറയേണ്ടതാണ്. ഉദ്യോഗസ്ഥർ ആവശ്യപെടാതെ തന്നെ സാധനങ്ങൾ എത്തിക്കുന്നതിൽ ഇവർ വിജയിക്കുകയായിരുന്നു. ഇനിയും സഹായങ്ങൾ വരുന്നുണ്ടങ്കിലും മറുപടി നൽകാൻ ഉദ്യേഗസ്ഥർ മടിക്കുകയാണ്. സഹകരിച്ചവർക്ക് ഏറെ നന്ദി അറിയിക്കുന്നതായി പട്ടാമ്പി തഹസിൽദാർ കാർത്യായനി, െഡപ്യൂട്ടി തഹസിൽദാർ ടി.പി. കിഷോർ എന്നിവർ അറിയിച്ചു. കൂടാതെ ഒറ്റപ്പാലം സബ് കലക്ടർ, ആനക്കര, പട്ടിത്തറ തുടങ്ങിയ വില്ലേജ്, പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കും നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.