പാലക്കാട്: 71ാമത് സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന ജില്ലതല പരിപാടിയിൽ മന്ത്രി എ.കെ. ബാലൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പരേഡിൽ സല്യൂട്ട് സ്വീകരിക്കും. സ്വതന്ത്ര്യദിന പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ സ്റ്റാൻഡിങ് സെലിേബ്രഷൻ കമ്മിറ്റി യോഗം ചേർന്നു. എ.ആർ ക്യാമ്പ് കമാൻഡറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായുള്ള പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി കരിമരുന്ന് പ്രയോഗം ഒഴിവാക്കിയതായും ജില്ല കലക്ടർ അറിയിച്ചു. പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് പരിപാടികൾ നടത്തുക. ദേശീയപതാക ഉപയോഗിക്കുമ്പോൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഏകദേശം 600 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ക്രമീകരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ അംഗൻവാടികളടക്കം ജില്ലയിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തണമെന്ന് നിർദേശം നൽകി. സുരക്ഷസാമഗ്രികൾ നിർബന്ധമായി കരുതണം -ജില്ല കലക്ടർ പാലക്കാട്: വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിലും പരിസരപ്രദേശത്തും ശുചീകരണപ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവർ സുരക്ഷസാമഗ്രികൾ കരുതണമെന്നും ഡി.എം.ഒ നൽകുന്ന രോഗപ്രതിരോധ ഗുളികകൾ കഴിക്കണമെന്നും ജില്ല കലക്ടർ ഡി. ബാലമുരളി പറഞ്ഞു. നെഹ്റു യുവകേന്ദ്രയിൽനിന്ന് 40, ജില്ല കോടതിയിൽനിന്നുള്ള 100, ഐഡിയൽ റിലീഫ് വിങ്ങിൽനിന്നുള്ള 70, മറ്റ് സന്നദ്ധസംഘടനകളിൽ നിന്നായി 200ഓളം പേർ, പൊലീസ്, ഫയർഫോഴ്സ്, ഹരിതകേരള മിഷൻ, ജില്ല ശുചിത്വമിഷൻ, തൊഴിലുറപ്പ്, കുടുംബശ്രീ വകുപ്പുകളിൽ നിന്നായി 800ഓളം പേരുമാണ് വെള്ളപ്പൊക്കം നേരിട്ട വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ എത്രയുംവേഗം വീട്ടിലേക്ക് തിരിച്ചയക്കുക ലക്ഷ്യമിട്ടാണ് ഊർജിത ശുചീകരണം നടത്തുന്നത്. എലവഞ്ചേരി യുറീക്ക പി.എസ്.സി പരിശീലന കേന്ദ്രത്തിലെ 80ഒാളം പേർ ദുരിതാശ്വാസ ക്യാമ്പുകളുടെ ശുചീകരണത്തിനും രംഗത്തുണ്ട്. കെടുതി നേരിട്ട വീടുകൾ ശുചിയാക്കുമ്പോൾ കുടുംബാംഗങ്ങളെ കൂടി വിശ്വാസത്തിലെടുത്താകണം പ്രവർത്തിക്കേണ്ടതെന്നും ജില്ല കലക്ടർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.