ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം കുറ്റിപ്പുറത്ത് യു.ഡി.എഫിൽ വിള്ളൽ

കുറ്റിപ്പുറം: പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വിട്ടുനൽകാത്ത ലീഗ് നിലപാടിനെതിരെ കുറ്റിപ്പുറത്ത് കോൺഗ്രസ് പരസ്യമായി രംഗത്ത്. ജലനിധി കരാറുകാരനിൽനിന്ന് ലീഗ് നേതാക്കൾ കൈക്കൂലി വാങ്ങിയതായും ഓഫിസിലേക്ക് എ.സി ആവശ്യപ്പെട്ടതായും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പാറക്കൽ ബഷീർ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11ന് മിനി സിവിൽ സ്റ്റേഷനിലെ കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസ് ഹാളിൽ നടന്ന ജലനിധി അവലോകന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് അംഗങ്ങൾ, സി.പി.എം ലോക്കൽ സെക്രട്ടറി സി.കെ. ജയകുമാർ, ഏരിയ കമ്മിറ്റി അംഗം വി.കെ. രാജീവ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജലനിധി ഉദ്യോഗസ്ഥർ, പഞ്ചായത്ത് അസി. സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സംഭവം. ജലനിധി കരാറുകാരന് പഞ്ചായത്ത് കുടിശ്ശികയായി ഒരു കോടിയോളം നൽകാനുണ്ട്. ഇതിന് ലീഗ് നേതാക്കൾ വൻ തുക കമീഷൻ ചോദിച്ചെന്നും ഇത് നൽകാത്തതിനാലാണ് തുക തടഞ്ഞതെന്നും ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് തൃശൂർ സ്വദേശിയായ കരാറുകാരൻ പാണക്കാട്ടെത്തി ലീഗ് ജില്ല പ്രസിഡൻറിനോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ജില്ല സെക്രട്ടറി ഉമ്മർ അറക്കലിനെ അന്വേഷണത്തിനായി ജില്ല കമ്മിറ്റി നിയോഗിച്ചിരുന്നു. ഇതിനിെടയാണ് കോൺഗ്രസ് നേതാവ് പൊതുവേദിയിൽ ആരോപണം ഉന്നയിച്ചത്. എന്നാൽ, ആരോപണങ്ങൾ ലീഗ് നേതാക്കൾ നിഷേധിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പദവി വിട്ടുനൽകാത്തതിനാൽ ലീഗ് നേതാക്കൾക്കെതിരെ വൈരാഗ്യം തീർക്കുകയാണെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. ജലനിധി പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്താൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെട്ട സബ് കമ്മിറ്റി രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു. 'മാറഞ്ചേരി ഗവ. ആശുപത്രിയിലെ ഒഴിവുകൾ നികത്തണം' മാറഞ്ചേരി: മാറഞ്ചേരി ഗവ. ആശുപത്രിയിൽ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും കുറവുകൾ നികത്തണമെന്നും കിടത്തി ചികിത്സ ഏർപ്പെടുത്തണമെന്നും കേരള ജനപക്ഷം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.വി. അശ്റഫ് അധ്യക്ഷത വഹിച്ചു. അനിൽ നെച്ചിക്കാട്ട്, മാനാത്ത് പറമ്പിൽ അബ്ദു, പി.വി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. എം.പി. അബ്ദുവിനെ പ്രസിഡൻറായും പി.വി. സഹീറിനെയും വി. രതീഷിനെയും സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.