കുടുംബശ്രീ ഒാണം-പെരുന്നാൾ ചന്ത 16 മുതൽ

മലപ്പുറം: ഒാണത്തിനും പെരുന്നാളിനും ഗുണമേൻമയുള്ള ഉൽപന്നങ്ങൾ എത്തിക്കാനായി കുടുംബശ്രീ മേളകൾ ആഗസ്റ്റ് 16 മുതൽ ആരംഭിക്കും. 110 സി.ഡി.എസുകളിൽ മേള ഒരുക്കും. ജീവയുടെയും (ജെ.എല്‍.ജി ഇവാലുവേഷന്‍ ഏജൻറ്) തൊഴിൽ സംരംഭ കൺസൽട്ടൻറുമാരുടെയും മേൽനോട്ടത്തിലാണ് ഇത്തവണ മേള. കുടുംബശ്രീയുടെ കാർഷികവിഭവങ്ങളും കറിപ്പൊടികൾ, അച്ചാർ, പലഹാരങ്ങൾ, വസ്ത്രം അടക്കമുള്ളവയും മേളയിലുണ്ടാവും. ഇത്തവണ ഓണത്തിനും പെരുന്നാളിനും ആവശ്യമായ പച്ചക്കറികൾ ജില്ലയിലൊരുക്കണമെന്ന ലക്ഷ്യത്തിൽ 750 ഹെക്ടറോളം സ്ഥലത്ത് കുടുംബശ്രീ പ്രവർത്തകർ കൃഷി നടത്തിയിരുന്നു. വാഴ, പയർ, വെണ്ട, വഴുതന, പാവക്ക, ചീര, കറിവേപ്പില എന്നിവയാണ് കൃഷി ചെയ്തത്. ശക്തമായ മഴയിൽ ഇതിൽ പകുതിയോളം നശിച്ചത് തിരിച്ചടിയായി. തിരൂർ, നിലമ്പൂർ, പെരുമ്പടപ്പ് ഭാഗങ്ങളിലാണ് കൂടുതൽ കൃഷി നശിച്ചത്. ഉത്രാടദിനം വരെ മേളകളുണ്ടാവും. കഴിഞ്ഞവർഷം 47 ഓണം മേളകളാണ് നടത്തിയത്. ഇത്തവണ ശർക്കരയുപ്പേരി പൊളിക്കും ഒാണത്തിന് മധുരം കൂട്ടാൻ ശർക്കര ഉപ്പേരിയും കായ വറുത്തതും ഇത്തവണ കുടുംബശ്രീ വക. കുടുംബശ്രീ കർഷകർ ഉൽപാദിപ്പിച്ച വാഴക്കുലകൾ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കുക. ഇതിനായി 450 ഹെക്ടറിലാണ് വാഴകൃഷി നടത്തിയത്. ഉപ്പേരിയും കായ വറുത്തതും തയാറാക്കാനായി 100 താൽക്കാലിക യൂനിറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഒാണത്തിന് ഏറെ വിറ്റുപോകുന്ന കായ വിഭവങ്ങളുടെ വിപണി ലക്ഷ്യമാക്കിയാണ് ഇത്. ഇത്തവണ മഴയും കാറ്റും കനത്തതോടെ വാഴകൾ നിലംപൊത്തിയെങ്കിലും ഒാണവിപണിക്കാവശ്യമായവ സമാഹരിക്കാനായിട്ടുണ്ട്. അതത് സി.ഡി.എസുകളാണ് കൃഷി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.