ഡോ. കെ.ടി. ജലീൽ വി.പി. കുഞ്ഞിമൊയ്തീൻ കുട്ടി സാഹിബ് എന്ന ഇപ്പാക്ക കാലത്തിെൻറ മറുതീരത്തേക്ക് യാത്രയായിരിക്കുന്നു. സംഭവബഹുലമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഇപ്പാക്കക്ക് എടയൂരുമായിട്ടുണ്ടായിരുന്ന ബന്ധത്തെക്കാൾ അടുപ്പം പുറംദേശങ്ങളുമായിട്ടായിരുന്നു. ജീവിതസായാഹ്നത്തിലാണ് കുഞ്ഞിമൊയ്തീൻകുട്ടി സാഹിബ് ജന്മനാടായ എടയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. വാടാനപള്ളിയിലെ ഇസ്ലാമിയ കോളജ് പടുത്തുയർത്തുന്നതിൽ അദ്ദേഹത്തിെൻറ പങ്ക് വലുതാണ്. മികച്ച പണ്ഡിതൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. ഞാൻ അദ്ദേഹത്തിെൻറ ജുമുഅ പ്രസംഗം ഒരുപാട് കേട്ടിട്ടുണ്ട്. മതത്തെ, വിശിഷ്യ ഇസ്‌ലാമിനെ കാലോചിതമായി അവതരിപ്പിക്കാനുള്ള വി.പിയുടെ സിദ്ധി എടുത്തുപറയേണ്ടതാണ്. കുഞ്ഞിമൊയ്തീൻ കുട്ടി സാഹിബിെൻറ സംഘാടക മികവിന് ജീവിക്കുന്ന തെളിവാണ് എടയൂർ പൂക്കാട്ടിരിയിൽ ഒറ്റയാളായി അദ്ദേഹം പടുത്തുയർത്തിയ സഫ ആർട്സ് ആൻഡ് സയൻസ് കോളജും ഓർഫനേജും അനുബന്ധ സ്ഥാപനങ്ങളും. മധ്യ പൗരസ്ത്യ ദേശങ്ങളിൽ പലരുമായും ഉണ്ടായിരുന്ന ചങ്ങാത്തവും അടുപ്പവും നാടിനും നാട്ടുകാർക്കും വേണ്ടി അദ്ദേഹം വിനിയോഗിച്ചു. പാവപ്പെട്ടവർക്ക് വീട്, സാമ്പത്തിക ശേഷിയില്ലാത്ത മിടുക്കർക്ക് വിദ്യാഭ്യാസം, നിർധന പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം എന്നിവ ഒരുക്കിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞത് കടപ്പാടോടെ മാത്രമേ ഓർക്കാനാകൂ. ഈയുള്ളവൻ മതകാര്യങ്ങളിൽ സംശയനിവാരണം വരുത്തിയിരുന്നത് കുഞ്ഞിമൊയ്തീൻ കുട്ടി സാഹിബിനോട് ചോദിച്ചാണ്. രണ്ടുദിവസം മുമ്പുപോലും ദീർഘനേരം സംസാരിച്ചിരുന്നു. സംസാരമധ്യേ, ശാരീരിക അവശതയെക്കുറിച്ച് ഇപ്പാക്ക പറഞ്ഞിരുന്നു. എന്നാലും മരണം ഇത്ര പെെട്ടന്നാകുമെന്ന് കരുതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.