മഞ്ചേരി: സി.പി.എം നേതൃത്വം നൽകുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡൻറും സ്വതന്ത്ര അംഗവുമായ കെ. അഹമദ് ഹാജി മുസ്ലിം ലീഗിൽ അംഗത്വമെടുത്ത് യു.ഡി.എഫിലെത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുഴഞ്ഞുമറിഞ്ഞ് കാവനൂരിലെ രാഷ്ട്രീയം. കെ. അഹമ്മദ് ഹാജി യു.ഡി.എഫിലെത്തിയതോടെ ലഭിച്ച ഭൂരിപക്ഷത്തിെൻറ ബലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വിദ്യാവതിക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേൽ വ്യാഴാഴ്ച ചർച്ച നടക്കും. മുസ്‌ലിം ലീഗിനകത്തുനിന്നും കെ. അഹമ്മദ് ഹാജിക്കെതിരെ അടിയൊഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിൽ വൈസ് പ്രസിഡൻറിനെതിരെ സി.പി.എമ്മും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുകയാണ്. 19 അംഗ ഭരണസമിതിയിൽ സി.പി.എം-ഒമ്പത്, മുസ്ലിം ലീഗ്-ഏഴ്, കോൺഗ്രസ്-രണ്ട് എന്നിങ്ങനെയാണ് കെ. അഹമ്മദ് ഹാജിക്ക് പുറമെയുള്ള കക്ഷിനില. അഹമ്മദ് ഹാജിക്ക് വൈസ് പ്രസിഡൻറ് സ്ഥാനം നൽകി സി.പി.എം ഭരണം പിടിച്ചെടുക്കുകയായിരുന്നു. രണ്ടര വർഷത്തിന് ശേഷം കാവനൂരിലെ മുസ്ലിം ലീഗ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിെൻറ താൽപര്യത്തോടെ ലീഗിലെത്തിയ കെ. അഹമ്മദ് ഹാജി പക്ഷേ, വൈസ് പ്രസിഡൻറ് സ്ഥാനത്ത് തുടരുകയായിരുന്നു. മാസങ്ങൾക്ക് ശേഷം നടന്ന നിരന്തര ചർച്ചകൾക്കൊടുവിലാണ് കെ. അഹമ്മദ് ഹാജി യു.ഡി.എഫ് പക്ഷത്തേക്ക് വന്നത്. അവിശ്വാസപ്രമേയ ചർച്ച വിജയിച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി യു.ഡി.എഫിനായി മത്സരിക്കും. തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷം അഹമ്മദ് ഹാജി രാജിവെച്ചൊഴിയുന്ന വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് കോൺഗ്രസ് പ്രതിനിധിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.