മഞ്ചേരി: ദുബൈയിലേക്ക് നൽകിയ തൊഴിൽ വിസയിൽ പറഞ്ഞ ജോലിയും ശമ്പളവും നൽകാത്തത് സംബന്ധിച്ച തർക്കത്തിൽ പണവും കാറും തട്ടിയെടുത്ത കേസിൽ ഒരാളെക്കൂടി മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെത്തല്ലൂർ പൊട്ടച്ചിറ ഷാനവാസ് (30) ആണ് കോയമ്പത്തൂരിൽ വെച്ച് പിടിയിലായത്. ലുക്ക് ഒൗട്ട് നോട്ടീസ് പ്രകാരം ഇയാളെ എയർപോർട്ടിൽ തടഞ്ഞുവെച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് മഞ്ചേരി പൊലീസ് അറിയിച്ചു. ചേലേമ്പ്ര കൈതക്കുണ്ട് മേലേടത്ത് വീട്ടിൽ വിജയെൻറ 1.22 ലക്ഷം രൂപയും വെള്ള സ്വിഫ്റ്റ് കാറുമാണ് മഞ്ചേരി കച്ചേരിപ്പടി ബൈപ്പാസ് റോഡിൽ വെച്ച് തട്ടിയെടുത്തത്. വിജയൻ നൽകിയ പരാതിയിൽ മഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്താണ് അന്വേഷണം നടത്തുന്നത്. തിരുവാലിയിലും പരിസരത്തുമുള്ള നാലുപേരാണ് മമ്പാട് പന്തലിങ്ങലിലുള്ള ഏജൻറ് മുഖേന ദുബൈയിൽ പോയത്. വാഗ്ദാനം ചെയ്ത തൊഴിലോ ശമ്പളമോ അല്ല ലഭിച്ചതെന്നും പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളുടെ ബന്ധുക്കൾ വിസ ഏജൻറിനെ പലപ്പോഴായി സമീപിച്ചിരുന്നു. ഇവർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയ വകയിൽ ദുബൈയിലെ ഏജൻറിന് അധികചെലവു വന്ന തുക വാങ്ങാൻ മഞ്ചേരി വഴി എത്തിയപ്പോഴാണ് വിജയെൻറ കാർ തട്ടിയെടുത്തത്. മഞ്ചേരി കച്ചേരിപ്പടിക്ക് സമീപം മൂന്നംഗസംഘം ബലപ്രയോഗം നടത്തി കാർ തടഞ്ഞ് താക്കോലും കൈവശമുണ്ടായിരുന്ന 1.22 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.