പെരിന്തൽമണ്ണ: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷത്തുള്ള എൽ.ഡി.എഫ് അംഗങ്ങൾ സമർപ്പിച്ച അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. അവിശ്വാസപ്രമേയ ചർച്ചയുടെ മേൽനോട്ടത്തിന് എത്തിയ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് പെരുമ്പള്ളിയുടെ സാന്നിധ്യത്തിൽ 10.30ന് യോഗം ആരംഭിച്ചു. 21 അംഗങ്ങളിൽ മുസ്ലിം ലീഗിലെ ഒമ്പതും കോൺഗ്രസിലെ രണ്ടും അംഗങ്ങളുള്ള യു.ഡി.എഫ് ചർച്ചക്കെത്തിയില്ല. പ്രതിപക്ഷത്തുള്ള സി.പി.എമ്മിലെ 10 അംഗങ്ങൾ മാത്രമാണ് യോഗത്തിന് വന്നത്. തുടർന്ന് ക്വാറം തികയാത്ത സാഹചര്യത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ 10.35ന് യോഗം പിരിയുകയായിരുന്നു. ഇനി ആറുമാസത്തിന് ശേഷമേ അവിശ്വാസപ്രമേയം കൊണ്ടുവരാനാവൂ. പ്രതിപക്ഷ വാർഡുകളുടെ വികസനത്തിന് മതിയായ തുക വകയിരുത്തുന്നില്ല എന്ന പരാതിയാണ് എൽ.ഡി.എഫിനുള്ളത്. നടപ്പുവർഷത്തിൽ നിർബന്ധമായും നീക്കിവെക്കേണ്ട വിഹിതം കഴിച്ചുള്ള 2.90 േകാടി രൂപയുടെ പദ്ധതികളിൽ പ്രതിപക്ഷത്തെ 10 വാർഡുകൾക്കുംകൂടി 90 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയതെന്നാണ് പ്രതിപക്ഷ ആക്ഷേപം. നിലവിലെ പദ്ധതി ഭേദഗതി വരുത്താൻ പ്രത്യേക യോഗം വിളിക്കാൻ പഞ്ചായത്ത് ഡയറക്ടർ ഉത്തരവ് നൽകിയിരുന്നു. യോഗം ചേർന്നെങ്കിലും പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ തയാറാകാത്തതിനെ തുടർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയതെന്നാണ് പ്രതിപക്ഷത്തിെൻറ വിശദീകരണം. അതേസമയം, യു.ഡി.എഫ് ഭരണസമിതി നടപ്പാക്കുന്ന മുഴുവൻ ജനോപകാര പദ്ധതികൾക്കും തുരങ്കം വെക്കുന്ന സമീപനമാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം.വി. സിനി പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ആലിപ്പറമ്പിൽ ഭരണം ലഭിക്കാത്ത ജാള്യം മറച്ചുവെക്കാനും സംസ്ഥാന ഭരണ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ വിലക്കെടുക്കാനുമുള്ള ശ്രമമാണ് യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതെന്നും സിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.