*യോഗത്തിൽ അസഭ‍്യ വർഷം *പ്രതിപക്ഷം യോഗത്തിൽനിന്നും ഇറങ്ങിപ്പോയി നിലമ്പൂർ: നഗരസഭ പരിധിയിൽ റിലയൻസ് ഒപ്റ്റിക്കൽ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നഗരസഭ ചെയർപേഴ്സെൻറ രാജിയാവശ‍്യപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളം. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചേരിതിരിഞ്ഞ് വാക്കേറ്റവും അസഭ‍്യവർഷവുമുണ്ടായി. ചെയർപേഴ്സനും ഉദ‍്യോഗസ്ഥർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര‍്യത്തിൽ ചെയർപേഴ്സൻ പത്മിനി ഗോപിനാഥിെൻറ രാജി ആവശ‍്യപ്പെട്ട് സി.പി.എം അംഗം എൻ. വേലുക്കുട്ടി രംഗത്തുവന്നു. ഈ കാര‍്യത്തിൽ തീരുമാനമെടുത്തതിന് ശേഷം മറ്റു അജണ്ടകൾ ചർച്ച ചെയ്താൽ മതിയെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. സി.പി.ഐ അംഗം പി.എം. ബഷീർ, സ്വതന്ത്ര അംഗം മുസ്തഫ കളത്തുംപടിക്കലും ഇതേ ആവശ‍്യം ഉന്നയിച്ച് രംഗത്തെത്തി. കേബിൾ സ്ഥാപിക്കുന്നതിന് സ്വകാര‍്യ കമ്പനിയിൽനിന്ന് തറവാടക വാങ്ങാതെ മൂന്നുകോടി രൂപ നഗരസഭക്ക് നഷ്ടം വരുത്തിയ ചെയർപേഴ്സെൻറ അധ‍്യക്ഷതയിൽ യോഗം തുടരാൻ അനുവദിക്കില്ലെന്ന് ബഷീർ ആവർത്തിച്ചു. അഴിമതിക്കേസിൽ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്താൻ കോടതി പറഞ്ഞത് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും പ്രതിപക്ഷം ചോദിച്ചു. എഫ്.ഐ.ആർ ഇട്ടാൽ രാജിവെക്കണമെന്ന കീഴ്വഴക്കമാണ് തങ്ങൾ ആവശ‍്യപ്പെടുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. സത‍്യാവസ്ഥ വിശദമായി പരിശോധിക്കാൻ മാത്രമാണ് കോടതി പറഞ്ഞതെന്ന വാദവുമായി ഭരണപക്ഷത്തിലെ എ. ഗോപിനാഥ് മറുപടിയുമായി രംഗത്തെത്തി. കോടതി ഉത്തരവിട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഭരണപക്ഷം അറിയിച്ചു. ചെയർപേഴ്സന് പൂർണ പിന്തുണയുമായി ഭരണപക്ഷം എത്തിയതോടെ പ്രതിപക്ഷവും സ്വതന്ത്ര കൗൺസിലർമാരും നടുത്തളത്തിലെത്തി ചെയർപേഴ്സെൻറ രാജി ആവശ‍്യപ്പെട്ട് മുദ്രാവാക‍്യം മുഴക്കി. ഇതോടെ ഭരണപക്ഷവും നടുത്തളത്തിലിറങ്ങി പരസ്പരം പോർവിളി നടത്തി. കോൺഗ്രസിലെ ചില അംഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ അസഭ‍്യവർഷവും ചൊരിഞ്ഞു. ഒരു മണിക്കൂറോളം യോഗത്തിൽ സംഘർഷാവസ്ഥ നിലനിന്നു. പുറത്ത് പൊലീസിെൻറ സാന്നിധ‍്യം ഉണ്ടായിരുന്നു. ഭൂരിപക്ഷ പ്രകാരം അജണ്ട ചർച്ച ചെയ്യുമെന്ന് ഭരണപക്ഷം നിലപാട് സ്വീകരിച്ചതോടെ മുദ്രാവാക‍്യം മുഴക്കി പ്രതിപക്ഷം യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിെൻറ അഭാവത്തിൽ അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.