പുഴയോരങ്ങൾ ഇടിഞ്ഞുതീരുന്നു അരീക്കോട്: ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ് ഗ്രാമപഞ്ചായത്തുകളിലെ പുഴയോരത്തെ പറമ്പുകളും റോഡുകളും വ്യാപകമായി ഇടിയുന്നു. മഴ കനത്തതോടെ പുഴയിലെ ഒഴുക്ക് വർധിച്ചതും പുഴയോരങ്ങളിൽ സംരക്ഷണ ഭിത്തിയില്ലാത്തതുമാണ് ഇടിച്ചിലിന് കാരണമാകുന്നത്. കഴിഞ്ഞ ദിവസം പൂങ്കുടി പുഴയോരത്തെ കറളിക്കാടൻ മൊയ്തീൻ, കറളിക്കാടൻ മുഹമ്മദ്, കറളിക്കാടൻ സത്താർ എന്നിവരുടെ പറമ്പുകളാണ് പുഴയെടുത്തത്. ചാലിയാറിെൻറ കൈവഴിയാണ് പൂങ്കുടി പുഴ. പൂങ്കുടി പാലത്തിനും ചാലിയാറിനുമിടയിലാണ് കരയിടിച്ചിൽ വ്യാപകമായത്. കമുക്, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന പറമ്പുകളാണിത്. 35 മീറ്ററിലേറെ ഇടിഞ്ഞിട്ടുണ്ട്. അരീക്കോട്ട് വലിയ പാലത്തിനടുത്തുനിന്ന് വെസ്റ്റ് പത്തനാപുരത്തേക്കുള്ള റോഡിെൻറ വശം ചാലിയാറിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പരമാവധി ആറുമീറ്റർ മാത്രം വീതിയുള്ള റോഡാണിത്. ഭാരമേറിയ വാഹനം ഇതിലൂടെ കടന്നുപോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലാണീ പ്രദേശം. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽനിന്ന് ചാലിയാറിലേക്ക് പതിക്കുന്ന ചെറുപുഴയുടെ നിരവധി തീരങ്ങൾ ഇടിച്ചിൽ ഭീഷണിയിലാണ്. പത്തനാപുരത്ത് ചെറുപുഴയുടെ ഇരുഭാഗത്തുമുള്ള തീരവും വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്. പത്തനാപുരം ഭാഗത്തെ വാണിജ്യ കെട്ടിടങ്ങളും ഊർങ്ങാട്ടിരി ഭാഗത്തെ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിനും പുഴയോരം ഇടിഞ്ഞത് ഭീഷണിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.