പി.എം. മൊയ്തീൻകോയ ഹാജി സ്മാരക പുരസ്കാരം കുട്ടി അഹമ്മദ് കുട്ടിക്ക് ശനിയാഴ്ച ഉമ്മൻ ചാണ്ടി സമ്മാനിക്കും തേഞ്ഞിപ്പലം: മികച്ച പൊതുപ്രവർത്തകനുള്ള പി.എം. മൊയ്തീൻകോയ ഹാജി സ്മാരക സാമൂഹിക സേവ പുരസ്കാരം കെ. കുട്ടി അഹമ്മദ് കുട്ടിക്ക്. ദീർഘകാലം തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പി.എം. മൊയ്തീൻകോയ ഹാജിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്. പൊതുപ്രവർത്തന രംഗത്തെ മാതൃക പ്രവർത്തനങ്ങളാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടിയെ അവാർഡിന് അർഹനാക്കിയതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഡ്വ. യു.എ. ലത്തീഫ്, അഡ്വ. വി.വി. പ്രകാശ്, ഡോ. വി.പി. അബ്ദുൽ ഹമീദ്, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് തേഞ്ഞിപ്പലം കോഹിനൂർ ലേ കാഞ്ചീസിൽ നടക്കുന്ന പി.എം. മൊയ്തീൻകോയ ഹാജി അനുസ്മരണ സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിക്കും. കിങ് അബ്ദുൽ അസീസ് സർവകലാശാലയിൽനിന്ന് മറൈൻ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ തേഞ്ഞിപ്പലം സ്വദേശി റാസിഖിനുള്ള അവാർഡ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സമ്മാനിക്കും. പി. അബ്ദുൽ ഹമീദ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ സി.കെ. ഷരീഫ്, ടി.പി.എം. ബഷീർ, എം. സുലൈമാൻ, എ.പി. മുഹമ്മദ്, ഇ.കെ. ബഷീർ, കെ.പി. മുസ്തഫ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.