പാലക്കാട്: കോഴവാങ്ങി നിയമനം ഉറപ്പിച്ചശേഷം പരീക്ഷ നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരീക്ഷ തടഞ്ഞു. കോൺഗ്രസ് ഭരണസമിതി നിയന്ത്രിക്കുന്ന പാലക്കാട് സർവിസ് സഹകരണ ബാങ്കിലാണ് അഴിമതി നടന്നെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. പ്യൂൺ തസ്തികയിലേക്കുള്ള നാല് ഒഴിവുകളിലേക്കാണ് പാലക്കാട് മോയൻസ് എൽ.പി സ്കൂളിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഏകദേശം 140ഓളം പേർ പരീക്ഷയെഴുതാനെത്തിയിരുന്നു. എന്നാൽ, ഓരോ തസ്തികക്കും 27 ലക്ഷം വീതം കോഴവാങ്ങി നിയമനം ഉറപ്പിച്ചതാണെന്നും ഉദ്യോഗാർഥികളുടെയും നാട്ടുകാരുടെയും കണ്ണിൽപ്പൊടിയിടാനാണ് പരീക്ഷ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ബാങ്ക് ഡയറക്ടർ ബോർഡിലെ കോൺഗ്രസ് നേതാക്കൾ ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും വീതം വെക്കുകയാണെന്നും കോഴ നൽകിയവർക്ക് ചോദ്യപേപ്പർ മുൻകൂർ നൽകിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗാർഥികൾ പരീക്ഷയെഴുതാതെ മടങ്ങി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പാലക്കാട്, മലമ്പുഴ മണ്ഡലം ഭാരവാഹികളായ ബോബൻ മാട്ടുമന്ത, അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, ഷൈജു, സൗമ്യ വിനേഷ്, റിജേഷ്, ദാസൻ വെണ്ണക്കര, സിദ്ദീഖ് ഇരുപ്പശ്ശേരി, ദിലീപ് മാത്തുർ, സദ്ദാം, ബഷീർ പൂച്ചിറ, കെ.എൻ. സഹീർ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.