ആവശ്യക്കാർ കൂടിയതോടെ മൺപാത്രങ്ങൾക്ക് കാലം തെളിയുന്നു

ഒറ്റപ്പാലം: പ്ലാസ്റ്റിക്-ലോഹ നിർമിത വസ്തുക്കളുടെ വരവോടെ തിളക്കം നഷ്ടമായ മൺപാത്രങ്ങൾക്ക് കാലം തെളിയുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ മൺപാത്രങ്ങൾക്ക് വിൽപന കേന്ദ്രങ്ങൾ പ്രത്യക്ഷപ്പെടുന്നതി‍​െൻറ കാരണം ആവശ്യക്കാർ കൂടിവരുന്നതാണ്. കളിമൺ അല്ലാത്ത പാത്രങ്ങളിലെ പാചകം അനാരോഗ്യം സൃഷ് ടിക്കുമെന്ന മുന്നറിയിപ്പുകളാണ് ജനത്തെ മാറിച്ചിന്തിക്കാൻ ഇടയാക്കിയത്. മൺപാത്രങ്ങൾ തലച്ചുമടായി വീടുകൾ തോറും കൊണ്ടുനടന്ന് ഉപജീവനം നടത്തിയിരുന്നവർ തൊഴിലുപേക്ഷിച്ചതാണ് ഗ്രാമീണർക്ക് പോലും വിപണികളെ ആശ്രയിക്കാൻ ഇടയാക്കിയത്. ആവശ്യാനുസരണം കളിമണ്ണിൽ തീർത്ത ചട്ടിയും കലവും കുടവും കൂടുതൽ വെള്ളം ശേഖരിച്ചുവെക്കാവുന്ന തൊട്ടികളും വീടുകളിൽ ഓർഡർ അനുസരിച്ചും ഇക്കൂട്ടർ എത്തിച്ചുനൽകിയിരുന്നു. കോളനികളായി താമസിച്ച് മൺപാത്ര നിർമാണം നടത്തിയിരുന്ന കുംഭാര കുടുംബങ്ങൾ ഇതര തൊഴിലുകളിലേക്ക് ചേക്കേറിയതോടെ കുലത്തൊഴിൽ ഉപേക്ഷിക്കാൻ ഇക്കൂട്ടർ നിർബന്ധിതരായി. ലോഹനിർമിത പാത്രങ്ങളോട് ഗ്രാമവാസികൾക്കുപോലും ആഭിമുഖ്യം കൂടിയതും കുറഞ്ഞ വിലയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ സാർവത്രികമായതും മൺപാത്ര നിർമാണത്തെ ദോഷകരമായി ബാധിച്ചു. അത്യധ്വാനം ആവശ്യമായ കുലത്തൊഴിലിന് കുറഞ്ഞ കൂലിയും കിട്ടാതായതും കളിമൺ എടുക്കുന്നതിന് നിയന്ത്രണം വരികയും ചെലവ് പലമടങ്ങായി ഉയരുകയും ചെയ്തതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായി. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്ന പാത്രങ്ങൾ ഏജൻസികൾ വിപണികളിൽ ആവശ്യാനുസരണം എത്തിച്ചുകൊടുക്കുകയാണിപ്പോൾ. വീടുകളിൽ തലച്ചുമടായി കൊണ്ടുനടന്നു വിൽക്കുന്നവരോട് വിലപേശൽ നടത്തിയിരുന്നവർ വിപണികളിൽ പറഞ്ഞ വിലകൊടുത്തു പാത്രങ്ങൾ വാങ്ങേണ്ടതായും വരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.