ഓഖിയും വേനൽമഴയും: മുതലമടയിൽ മാമ്പഴ ഉൽപാദനം കുത്തനെ കുറഞ്ഞു

പാലക്കാട്: ഓഖിയും അപ്രതീക്ഷിതമായി പെയ്ത വേനൽമഴയും വില്ലനായപ്പോൾ മാന്തോപ്പുകളിൽ ഇക്കുറി കർഷകർക്ക് കണ്ണീർ അനുഭവം. വില ഉയർന്നെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി 60 ശതമാനത്തിലേറെയാണ് ഉൽപാദനം ഇടിഞ്ഞത്. ഈ വർഷം 25,000-30,000 ടൺ ഉൽപാദനമാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. മുൻവർഷം 1.5 ലക്ഷം ടൺ ആയിരുന്നു മൊത്ത ഉൽപാദനം. ഏകദേശം 275 കോടി രൂപയുടെ നഷ്ടമാണ് ഇക്കുറിയുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തെ മാമ്പഴ ഉൽപാദനത്തിൽ 70 ശതമാനവും മുതലമട പ്രദേശത്താണ്. 45,000 ഹെക്ടറിലാണ് മാങ്ങ കൃഷി ചെയ്യുന്നത്. പ്രതിവർഷം 600 കോടി രൂപയുടെ മാമ്പഴ വിൽപനയാണ് മുതലമടയിൽ നടക്കാറുള്ളത്. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് പ്രദേശത്ത് പെയ്ത മഴയും വേനൽമഴയുമാണ് ഇക്കുറി മാമ്പഴ കർഷകരെ ചതിച്ചത്. മാമ്പൂ കൊഴിയലും മൂപ്പെത്തും മുമ്പ് മാങ്ങ കൊഴിഞ്ഞുപോകലും ഈ വർഷം വർധിച്ചു. അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യം വർധിച്ചെങ്കിലും ഉൽപാദനം നന്നേ കുറഞ്ഞത് തിരിച്ചടിയായെന്ന് കർഷകർ പറഞ്ഞു. മാർച്ച്, ഏപ്രിൽ മാസത്തോടെയാണ് മുതലമടയിൽ സീസൺ അവസാനിക്കുക. അൽഫോൻസോ, നീലം, മല്ലിക, മൽഗോവ, സിന്ദൂരം തുടങ്ങിയ പ്രധാന ഇനങ്ങളാണ് മുതലമടയിൽ മാന്തോപ്പുകളിൽ വിളയുന്നത്. മാമ്പഴ കർഷകർക്ക് പാക്കേജ് പ്രഖ്യാപനം 30ന് മുതലമട: മാമ്പഴ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ ഏപ്രിൽ 30ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുതലമടയിലെത്തും. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ പരിഗണനയിലുള്ള പാക്കേജാണ് 30ന് പ്രഖ്യാപിക്കുക. പാക്കേജ് പ്രഖ്യാപിക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ മുന്നേറ്റമുണ്ടാകുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. മന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ആലോചനയോഗം മുതലമട പഞ്ചായത്ത് ഹാളിൽ ചേർന്നു. കർഷകരുടെ പരാതികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശാരദ തുളസിദാസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ബേബി സുധ, ശാലിനി കറുപ്പേഷ്, സുധ രവീന്ദ്രൻ, കൃഷി ഓഫിസർ വി.എസ്. ദിലീപ് കുമാർ എന്നിവർ സംബന്ധിച്ചു. കെ. ബാബു എം.എൽ.എ ചെയർമാനും കൃഷി അസി. ഡയറക്ടർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.