പാലക്കാട്: കാർഷിക വായ്പ തിരിച്ചടവ് കാലാവധി മൂന്ന് വർഷമാക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ രംഗത്ത്. ഒന്നാംവിള സമയത്ത് രോഗബാധിതയും കനത്തമഴയും കാട്ടുമൃഗങ്ങളുടെ ഉപദ്രവവുമാണ് കർഷകർക്ക് മുന്നിൽ വില്ലനാവുന്നതെങ്കിൽ രണ്ടാം വിളയിൽ വരൾച്ചയാണ് കർഷകരെ പ്രധാനമായും ബാധിക്കുന്നത്. രണ്ടാം വിളയിറക്കാൻ വെള്ളം ലഭിക്കാതെ പലയിടത്തും കൃഷിഭൂമി തരിശിടേണ്ട ഗതികേടിലാണ്. അണക്കെട്ടുകളിൽനിന്ന് മതിയായ തോതിൽ വെള്ളം ഉപയോഗിച്ചും കൃഷി നടത്തുന്നവരാകട്ടെ ഉണക്ക ഭീഷണിയിലാണ്. ഇത്തരം പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്ത് കൃഷി ചെയ്യുന്നവരാകട്ടെ നഷ്ടം സഹിച്ച് സ്വകാര്യ കമ്പനികൾക്ക് നെല്ല് കൊടുക്കേണ്ട സാഹചര്യത്തിലാണ്. കൃഷിയിറക്കാൻ ബാങ്കുകളിൽനിന്ന് വായ്പ എടുക്കുന്ന പലർക്കും പറഞ്ഞ സമയത്തിനകം തിരിച്ചടവ് നടത്താൻ സാധിക്കുന്നില്ല. ഇതോടെ കാർഷിക വായ്പക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കാതാവുന്നു. ഇത് ഭീമമായ കടക്കെണിയിലേക്ക് കർഷകരെ തള്ളിവിടുന്നു. ഒരുവർഷത്തെ കാലാവധിയാണ് ബാങ്കുകൾ കാർഷിക വായ്പക്ക് നൽകുന്നത്. ഒരുവർഷത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ വായ്പരീതി മാറുകയും പലിശനിരക്ക് കൂടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കാർഷിക വായ്പ കാലാവധി മൂന്ന് വർഷമാക്കണമെന്ന ആവശ്യവുമായി ദേശീയ കർഷക സംരക്ഷണസമിതി ഉൾെപ്പടെ കർഷക സംഘടനകൾ രംഗത്തുവന്നിരിക്കുന്നത്. ദേശീയ കർഷക സംരക്ഷണ സമിതി യോഗം ചേർന്നു പാലക്കാട്: ദേശീയ കർഷക സംരക്ഷണ സമിതി യോഗം ചേർന്നു. യോഗത്തിൽ സമിതി പ്രസിഡൻറ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ, സി. ജയൻ, എ. ജയരാമൻ, കെ.എസ്. ശ്രീരാമകൃഷ്ണൻ, എ. ബാലകൃഷ്ണൻ, കെ. വിജയൻ, ജയരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.