കണികാണാൻ നാടൻവെള്ളരി കുറവ്​

ഒറ്റപ്പാലം: കണിവട്ടങ്ങളിലെ മുഖ്യയിനമായ നാടൻ കണിവെള്ളരിക്ക് ഇക്കുറി കാലക്കേട്. മേഖലയിലെ വിഷുവിപണികളിൽ നാടൻവെള്ളരി കണികാണാനില്ലാത്ത അവസ്ഥയാണ്. മകരം പാതിയോടെ കുത്തിയിട്ട വെള്ളരിവിത്ത് മാസാവസാനം പെയ്ത വേനൽ മഴയിൽ അഴുകിനശിച്ചതാണ് കർഷകരുടെ പ്രതീക്ഷകൾ തകിടം മറിച്ചത്. കാലംതെറ്റി ഇറക്കിയ വെള്ളരിപ്പാടം വിളവെടുക്കാൻ വിഷുകഴിഞ്ഞ് ദിവസങ്ങൾ കാത്തിരിക്കണം. വിഷുകഴിഞ്ഞാൽ വെള്ളരിക്ക് ആവശ്യക്കാർ കുറയുന്നതിനാൽ പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ ഇവക്ക് ഡിമാൻഡും ഉണ്ടാകാറില്ല. വർഷംതോറും വിഷുവിപണി ലക്ഷ്യമിട്ട് വെള്ളരി കൃഷിയിറക്കുന്ന കർഷകരിൽ പലരും തമിഴ്‌നാട്ടിൽ നിന്നെത്തിയ കണിവെള്ളരിയെയാണ് ആശ്രയിക്കുന്നത്. കിലോക്ക് 24 മുതൽ 50 രൂപ വരെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ തമിഴ്‌നാടൻ വെള്ളരിക്ക് വില ഉയർന്നു. എണ്ണം പറഞ്ഞ വെള്ളരിക്കാണ് കച്ചവടക്കാർ 50 രൂപവരെ ഈടാക്കുന്നത്. നാശനഷ്ടങ്ങളിൽനിന്ന് രക്ഷപ്പെട്ട അമ്പലപ്പാറ അറവക്കാട് പ്രദേശത്തെ അപൂർവം കർഷകർ നാമമാത്രമായി വിളഞ്ഞ വെള്ളരി വെള്ളരിപ്പാടത്തുതന്നെ വിൽപന നടത്തി. പ്രദേശവാസികൾ ആവശ്യക്കാരായെത്തിയതോടെ, കച്ചവടക്കാർക്ക് കൈമാറാതെ നേരിട്ട് വിൽപന നടത്തിയത് നാട്ടുകാർക്കും ആശ്വാസമായി. പതിവ് കർഷകരിൽനിന്ന് വെള്ളരി ലഭ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെ തമിഴ്‌നാടൻ വെള്ളരിക്ക് ഡിമാൻഡ് കൂടി. കർഷകർ നേരിട്ട് നടത്തിയ വിൽപനയിൽ പരമാവധി വിലയായി ഈടാക്കിയത് 30 രൂപയാണ്. നാടനെന്ന പേരിൽ ഇതിന് ആവശ്യക്കാരുമുണ്ടായിരുന്നു. പടം: അറവക്കാട് പ്രദേശത്തെ വെള്ളരിപ്പാടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.