തേഞ്ഞിപ്പലം: സന്തോഷ് ട്രോഫി സ്വന്തമാക്കി മലയാളക്കരയുടെ അഭിമാനമായ ഫുട്ബാൾ താരങ്ങൾക്കും പരിശീലകനും കാലിക്കറ്റ് സർവകലാശാലയുടെ തകർപ്പൻ സ്വീകരണം. സർവകലാശാലയുമായി ഹൃദയബന്ധമുള്ള ടീമിന് നൽകിയ സ്വീകരണ ചടങ്ങിലേക്ക് ഫുട്‌ബാൾ പ്രേമികൾ ഒഴുകിയെത്തി. ഘോഷയാത്രയോടെ ആനയിച്ച താരങ്ങൾക്ക് സ്റ്റേഡിയത്തിലാണ് വരവേൽപ്പ് നൽകിയത്. ഘോഷയാത്രയിൽ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ് എന്നിവർ അണിനിരന്നു. സ്വീകരണ ചടങ്ങ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.സി ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ, പ്രോ. വി.സി ഡോ. പി. മോഹൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, സായ് റീജനൽ ഡയറക്ടർ കിഷോർ, കോച്ച് സതീവൻ ബാലൻ, രജിസ്ട്രാർ ഡോ. അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. കോച്ചിനും ടീം അംഗങ്ങൾക്കും കാഷ് അവാർഡ് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിന് മുമ്പ് കാലിക്കറ്റ് സർവകലാശാലയുടെ മുൻകാല താരങ്ങളും അന്താരാഷ്ട്ര താരങ്ങളും പങ്കെടുത്ത പ്രദർശനമത്സരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.