വന‍്യജീവി ആക്രമണം: നഷ്​ടപരിഹാര മാനദണ്ഡങ്ങളിൽ ഇളവ്

നിലമ്പൂർ: വന‍്യജീവികളുടെ ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കി വർധിപ്പിച്ചതോടെ മാനദണ്ഡങ്ങളിലും ഇളവ് വരുത്തി. ജീവഹാനി സംഭവിച്ചാൽ റേഞ്ച് ഓഫിസറുടെ ശിപാർശയിൽ അഞ്ചുദിവസത്തിനകം ഡി.എഫ്.ഒ തുടരന്വേഷണം നടത്തി അഞ്ചുദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണം. നേരത്തെ ഇത് 15 ദിവസമായിരുന്നു. വില്ലേജ് ഓഫിസറുടെ പക്കൽനിന്ന് ബന്ധുത്വം സംബന്ധിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നമുറക്ക് നഷ്ടപരിഹാരതുകയുടെ 50 ശതമാനം മരിച്ചയാളുടെ അവകാശികൾക്ക് നൽകണം. ബാക്കി തുക അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ദിവസം മുതൽ ഏഴുദിവസത്തിനകം നൽകണം. നേരത്തെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ തുക നൽകിയിരുന്നുള്ളൂ. നഷ്ടപരിഹാരത്തിന് അർഹതയില്ലാതെ വരുന്നവരുടെ കാര‍്യത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. വന‍്യജീവി സംരക്ഷണ നിയമം 1972, കേരള വനം നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത‍്യങ്ങളിൽ ശിക്ഷിക്കപ്പെടുകയോ ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരുന്നില്ല. എന്നാൽ, സ്ഥിരം കുറ്റവാളികൾ അല്ലാത്ത, വനം കുറ്റകൃത‍്യത്തിൽ ഉൾപ്പെട്ടിട്ടുള്ള വ‍്യക്തികൾ വന‍്യജീവികളുടെ ആക്രമണത്തിൽ മരണപ്പെട്ടാൽ ബന്ധപ്പെട്ട സർക്കിളിലെ ഉദ‍്യോഗസ്ഥർ പരിശോധിച്ച് അർഹതയുള്ള കേസിൽ നഷ്ടപരിഹാര തുക നൽകാം. വന‍്യജീവി ആക്രമണത്തിൽ മരിച്ചവരുടെ അവകാശികൾക്കുള്ള തുക അഞ്ചുലക്ഷത്തിൽനിന്ന് പത്തുലക്ഷമാക്കിയാണ് ഉയർത്തിയത്. പരിക്കേൽക്കുന്ന കന്നുകാലികൾ, മറ്റു വസ്തുവകകൾ, കൃഷി എന്നിവക്ക് പരാമാവധി 75,000 രൂപ നൽകിയിരുന്നത് ഒരു ലക്ഷമാക്കി. വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാൽ നൽകിയിരുന്ന ഒരു ലക്ഷം രണ്ടുലക്ഷമാക്കി. സ്ഥായിയായ അംഗവൈകല‍്യം സംഭവിക്കുന്നവർക്ക് പരമാവധി നൽകിയിരുന്ന 75,000 രൂപ രണ്ടുലക്ഷം വരെയാക്കി. കുടിലുകൾ, വീടുകൾ എന്നിവക്കുള്ള നാശത്തിന് 75,000 രൂപ ഒരു ലക്ഷമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.