മലപ്പുറം: കഴിഞ്ഞദിവസം പി.എസ്.സി നടത്തിയ എച്ച്.എസ്.എസ്.ടി കോമേഴ്സ് പരീക്ഷ സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ ചോദിക്കാതെ ഉദ്യോഗാർഥികളെ വട്ടംകറക്കി. പകുതിയോളം ചോദ്യങ്ങളാണ് സിലബസിന് പുറത്തുനിന്നുവന്നത്. ക്രമക്കേടുണ്ടെന്നാരോപിച്ച് ഉദ്യോഗാർഥികൾ ശനിയാഴ്ച മലപ്പുറത്ത് പി.എസ്.സി അംഗത്തെ കാണും. നാലരവർഷത്തിനുശേഷം നടത്തിയ പരീക്ഷയിലാണ് വ്യാപക പരാതിയുയർന്നത്. 100 ചോദ്യങ്ങളിൽ 30 എണ്ണം പൊതുവിജ്ഞാനവും 70 എണ്ണം വിഷയം സംബന്ധിച്ചതുമാണ് വരേണ്ടിയിരുന്നത്. ഫിനാൻഷ്യൽ അക്കൗണ്ടിങ്, മാനേജ്മെൻറ് പ്രിൻസിപ്പൽസ് ആൻഡ് ടെക്നിക്സ്, ടാക്സേഷൻ നിയമങ്ങൾ, റിസർച് മെത്തഡോളജി, റീസൻഡ് ട്രെൻഡ്സ് ഇൻ കോമേഴ്സ് അടക്കമുള്ള ഏഴ് വിഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങളാണ് വിഷയത്തിൽ ചോദിക്കേണ്ടത്. എന്നാൽ, പകുതിയിലധികവും സിലബസിന് പുറത്തുള്ള ഇൻറർനാഷനൽ ബിസിനസ്, ഇക്കണോമിക്സ്, ബാങ്കിങ് വിഷയങ്ങളിലെ ചോദ്യങ്ങളാണ് വന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച ഒരു പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർന്നതായി ഉദ്യോഗാർഥികൾ ആരോപിച്ചു. സിലബസിന് പുറത്തുനിന്നുള്ള വിഷയങ്ങളിലുള്ള പരിശീലനവും ഇവിടെ നൽകിയതായി പരാതിയുണ്ട്. പരീക്ഷ റദ്ദാക്കണമെന്നും ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും പി.എസ്.സി ആസ്ഥാനത്തേക്ക് മാർച്ച് അടക്കമുള്ളവ നടത്തുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. അഞ്ചുവർഷമെങ്കിലും കഴിഞ്ഞാണ് ഇനി എച്ച്.എച്ച്.എസ്.ടി പരീക്ഷക്ക് സാധ്യത. അപ്പോഴേക്കും മിക്കവർക്കും പ്രായപരിധി കഴിയും. ഹർത്താൽദിനത്തിൽ നടന്ന പരീക്ഷക്ക് ഏറെ ബുദ്ധിമുട്ടിയാണ് പലരും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.