ദേശീയപാത കുരുതിക്കളമാകുന്നു; മൂന്നാഴ്ചക്കിടെ പൊലിഞ്ഞത്​ രണ്ട്​​ ജീവൻ

മക്കരപ്പറമ്പ്: അപകടങ്ങള്‍ പതിവാകുന്ന കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഇത് മൂന്നാഴ്ചക്കിടെ രണ്ടാമത്തെ അപകട മരണം. ഒടുവിലായി കഴിഞ്ഞദിവസം രാമപുരത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവർ മരിച്ചു. കഴിഞ്ഞ മാർച്ച് 25ന് പുലര്‍ച്ച പനങ്ങാങ്ങര ടൊയോട്ട ഷോറൂമിന് സമീപം തട്ടുകട നടത്തിയിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി അനീഷ് ആൻറണി തിരൂര്‍ക്കാട് നിന്ന് താമസസ്ഥലത്തേക്ക് മടങ്ങെവ മലപ്പുറം ഭാഗത്തുനിന്ന് വന്ന ലോറിയിടിച്ച് മരിച്ചിരുന്നു. അതിന് തൊട്ടുമുമ്പത്തെ ആഴ്ചയില്‍ അരിപ്ര വളവില്‍ ടാങ്കര്‍ലോറി മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായത് നാട്ടുകാരില്‍ ഭീതി പടര്‍ത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി അപകടങ്ങളാണ് രാമപുരം, നാറാണത്ത്, ജെംസ് കോളജ്പടി, തിരൂര്‍ക്കാട് തളത്തില്‍ വളവ്, അരിപ്ര വളവ്, മക്കരപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലായി ഉണ്ടായത്. അമിതവേഗതയാണ് പലപ്പോഴും വില്ലനാവുന്നത്. മനുഷ്യജീവന് വിലകല്‍പ്പിക്കാതെയുള്ള വാഹനങ്ങളുടെ ചീറിപ്പായല്‍ തിരൂര്‍ക്കാട് മുതല്‍ കൂട്ടിലങ്ങാടി ടൗണ്‍ വരെയുള്ള പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെടുത്ത മനുഷ്യജീവനുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. യുവാക്കളാണ് മിക്കപ്പോഴും അപകടങ്ങളിൽപ്പെടാറുള്ളത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ചെറുവാഹനങ്ങളെ കണക്കിലെടുക്കാതെയുള്ള ഓവര്‍ടേക്കിങ്ങും പ്രശ്‌നം സൃഷ്ടിക്കുന്നു. ഈ ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗത കണ്ടെത്തുന്നതിനുള്ള സംവിധാനനങ്ങള്‍ കുറവാണ്. രാമപുരം ബ്ലോക്ക് പടിയില്‍ ഒരു കാമറ മാത്രമാണുള്ളത്. ഇത് ഒരു വര്‍ഷത്തോളമായി തകരാറിലാണ്. റോഡിൽ നിരവധി വളവുകളുള്ളതും പല ഭാഗങ്ങളിലും വീതി കുറഞ്ഞതും അപകടത്തിന് ആക്കംകൂട്ടുന്നു. റോഡിലെ കുഴികള്‍ മൂടിയില്ല; മങ്കടയിൽ അപകടം പതിവാകുന്നെന്ന് പരാതി മങ്കട: ടൗണില്‍ സ്വകാര്യ കമ്പനിയുടെ കേബിള്‍ ഇടുന്നതിനായെടുത്ത കുഴികള്‍ മൂടാതെയിട്ടത് പ്രതിഷേധത്തിന് കാരണമായി. മങ്കട മേലെ അങ്ങാടിയില്‍ മലപ്പുറം റോഡിലുള്ള ഓട്ടോ പാര്‍ക്കിലാണ് കുഴികൾ ഏറെ ദുരിതംവിതക്കുന്നത്. ഈഭാഗത്ത് കേബിളിനായി കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പ് പൊട്ടിയതും പ്രശ്‌നമായി. പിന്നീട് ചോര്‍ച്ച പരിഹരിക്കാനെന്ന പേരിൽ ഒാട്ടോ പാര്‍ക്കിലെ റോഡരികില്‍ വലിയ കുഴികളുണ്ടാക്കി. എത്ര കുഴിച്ചിട്ടും ചോര്‍ച്ച പരിഹരിക്കാനായതുമില്ല. കുഴികള്‍ ഓട്ടോ പാര്‍ക്കിന് ഭീഷണിയാകുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പൊതുമരാമത്ത് വകുപ്പിനോട് പരാതിപ്പെട്ടിട്ടുണ്ട്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ളവും മുടങ്ങിയിട്ടുണ്ട്. പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ പരാതി നല്‍കുമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.