കുഞ്ഞിപ്പ അറിയാതെ മരണം വിധിച്ച് പഞ്ചായത്ത്

കൈപ്പറ്റിയിരുന്ന വാർധക്യകാല പെൻഷൻ മരവിപ്പിച്ചു ആനക്കര: പെൻഷൻ ഉടമ അറിയാതെ അദ്ദേഹത്തിന് മരണക്കുറിപ്പ് നൽകി പെൻഷൻ മരവിപ്പിച്ചു. ആനക്കര നയ്യൂർ ആന്തൂരവളപ്പിൽ കുഞ്ഞിപ്പക്കാണ് ഈ ദുർവിധി. സമീപത്തുള്ളവരും മറ്റും ഇത്തവണയും ഓണത്തിന് മുന്നോടിയായി പെൻഷൻ തുക കൈപറ്റിയിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് ഓണവും പെരുന്നാളും നിരാശയുടേതായി മാറി. 2016 ഫെബ്രുവരിയിലാണ് അവസാനമായി വാർധക്യകാല പെൻഷൻ കൈപറ്റിയത്. കഴിഞ്ഞ ഓണക്കാലത്ത് പെൻഷൻ ബാങ്കുവഴി ആക്കിയതിനെ തുടർന്ന് കുഞ്ഞിപ്പയുടെ വീട്ടിൽ വിതരണത്തിന് ജീവനക്കാരൻ എത്തിയിരുന്നെങ്കിലും തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നതിനാൽ തുക കൈപ്പറ്റാൻ കഴിഞ്ഞില്ല. ഇക്കാര്യം അന്വേഷിച്ച് ആനക്കര പഞ്ചായത്ത് ഒാഫിസിൽ ചെന്നപ്പോൾ 2015ൽ കുഞ്ഞിപ്പ മരിച്ചതിനാൽ പെൻഷൻ മരവിപ്പിച്ചതായ വിവരമാണ് ലഭിച്ചത്. പെൻഷൻ തുടർന്ന് ലഭിക്കാനായി ഇദ്ദേഹം നേരിട്ട് ഹാജരായി ബോധ്യപ്പെടുത്തിയെങ്കിലും സ്വീകാര്യമായില്ല. പിന്നീട് പഞ്ചായത്തിൽ നടന്ന അദാലത്തിൽ വാർഡ് അംഗം വഴി രേഖകൾ ഹാജരാക്കി വീണ്ടും പെൻഷന് അപേക്ഷ സമർപ്പിച്ചെങ്കിലും അനുവദിച്ചില്ല. ഇതിനുശേഷം രണ്ട് തവണ പെൻഷൻ വിതരണം നടന്നെങ്കിലും തഴയപ്പെട്ടു. അധികൃതരുടെ പിഴവുമൂലം പെൻഷൻ മുടങ്ങിയതിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് കുഞ്ഞിപ്പ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.