മീസിൽസ്​–റുബെല്ല പ്രതിരോധം: രണ്ടാഴ്ച കൂടി നീട്ടും

മലപ്പുറം: മീസിൽസ്-റുെബല്ല പ്രതിരോധ കുത്തിവെപ്പ് രണ്ടാഴ്ച കൂടി നീട്ടുമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. ജില്ല വികസനസമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. എം.എൽ.എമാരുമായി ചർച്ച ചെയ്ത് കുത്തിവെപ്പിന് അനുകൂലമായ പ്രചാരണം സംഘടിപ്പിക്കും. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങളെ നേരിടാൻ കർശന നടപടി സ്വീകരിക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് കൂടുതൽ ബോധവത്കരണം ശക്തമാക്കുമെന്ന് കലക്ടർ പറഞ്ഞു. ജില്ലയിലെ വികസന പ്രവർത്തനം കാര്യക്ഷമമാക്കാൻ വകുപ്പുതല ഏകോപനത്തിന് അടിയന്തര നടപടി കൈക്കൊള്ളാൻ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. സർക്കാർ നടപ്പാക്കുന്ന നാല് മിഷനുകളുടെ പ്രവർത്തനം ഇതുവഴി ഏകോപിപ്പിക്കും. ലൈഫ് മിഷന് അനുയോജ്യമായ ഭൂമി കണ്ടെത്താൻ നടപടി സ്വീകരിക്കും. സ്വന്തമായി ഭൂമിയും കെട്ടിടവുമില്ലാത്ത അംഗൻവാടികൾക്ക് ഭൂമി കണ്ടെത്താൻ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസർക്ക് നിർദേശം നൽകി. ആതവനാട്, തിരുനാവായ, കൽപകഞ്ചേരി, വളാഞ്ചേരി പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതി ഫെബ്രുവരിയോടെ പൂർത്തിയാക്കും. തിരൂർ ജില്ല ആശുപത്രിയിൽ സ്ഥാപിച്ച ലിഫ്റ്റ് 10 ദിവസത്തിനകം പ്രവർത്തന സജ്ജമാക്കാൻ കലക്ടർ നിർദേശം നൽകി. 2022ൽ മലപ്പുറം എന്താവണമെന്ന് വിഭാവനം ചെയ്യുന്ന കർമപദ്ധതി തയാറാക്കുന്നതിന് ഒക്ടോബർ 30ന് ജില്ല പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ എം.പിമാരും എം.എൽ.എമാരും പങ്കെടുക്കും. രണ്ട് ഉപതെരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതുകൊണ്ട് പദ്ധതി നിർവഹണത്തിൽ ജില്ലക്ക് വേണ്ടത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി. പദ്ധതി നിർവഹണം കാര്യക്ഷമമാക്കാൻ നിലവിൽ ഒഴിവുള്ള തസ്തിക നികത്തണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽ ഹമീദ്, സി. മമ്മൂട്ടി, പി. ഉബൈദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.