ബി.എസ്.എൻ.എല്ലി‍െൻറ ആവശ‍്യം തള്ളി; നിലമ്പൂർ ജില്ല ആശുപത്രി കെട്ടിടനിർമാണം നിലവിലെ പ്ലാനിൽ

നിലമ്പൂർ: ജില്ല ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പുതിയ കെട്ടിടം നിലവിലെ പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കുന്നതിന് ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി‍​െൻറ രൂപരേഖയില്‍ മാറ്റം വരുത്തുന്നതിനായി കരാറെടുത്ത ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടിരുന്നു. ഫൗണ്ടേഷന്‍ വരുന്ന ഭാഗത്ത് മാലിന്യനിക്ഷേപ ടാങ്ക് വരുന്നതിനാല്‍ ഉറപ്പി‍​െൻറ പ്രശ്‌നം ഉന്നയിച്ചായിരുന്നു ബി.എസ്.എൻ.എൽ മാറ്റം ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് സാങ്കേതികവിഭാഗം പരിശോധന നടത്തി പഴയ പ്ലാനില്‍തന്നെ കെട്ടിടം പണി പൂര്‍ത്തിയാക്കാനാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണ‍​െൻറ അധ‍്യക്ഷതയിൽ ശനിയാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനിച്ചത്. കൂടുതൽ തുക ആവശ‍്യമായാൽ ഇത് അനുവദിക്കുന്ന കാര‍്യം തുടർന്നുള്ള യോഗത്തിൽ ചർച്ചചെയ്യും. പുതിയ കെട്ടിടത്തി‍​െൻറ നിർമാണം വേഗത്തിലാക്കാനുള്ള നടപടിയുണ്ടാവും. അറ്റകുറ്റപ്പണികൾക്ക് 20 ലക്ഷം ഉടൻ അനുവദിക്കും. പേ വാര്‍ഡ് കെട്ടിടം തിരികെ ആശുപത്രിക്ക് കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. കാരുണ്യ ഫാര്‍മസിയുമായി ബന്ധപ്പെട്ട ജി.എസ്.ടി വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തതക്കായി മെഡിക്കല്‍ കോർപറേഷനുമായി ബന്ധപ്പെടും. ജന്‍ ഔഷധി ഫാര്‍മസിക്കുള്ള സ്ഥലം ഉടൻ കണ്ടെത്തും. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സമരങ്ങൾ നടത്തിയാൽ നിയമനടപടി സ്വീകരിക്കും. ഇതിനായി സൂപ്രണ്ടിനെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. യോഗം നടക്കുന്നതിനിടെ പ്രതിഷേധവുമായെത്തിയ ഐ.എന്‍.ടി.യുസി ഓട്ടോ തൊഴിലാളികള്‍ക്കെതിരെ പൊലീസില്‍ പരാതി നൽകിയതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിനിധികളായ ഒ.ടി. ജയിംസ്, ഗിരീഷ് മോളൂര്‍ മഠത്തില്‍ എന്നിവര്‍ യോഗം ബഹിഷ്‌കരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സി. ഹമീദ്, ഇസ്മായില്‍ മൂത്തേടം, കെ.ടി. കുഞ്ഞാന്‍, പി.ടി. ഉമ്മര്‍, കെ. റഹീം, മുജീബ് ദേവശ്ശേരി, ജസ്മല്‍ പുതിയറ, ബിനോയ് പാട്ടത്തില്‍ തുടങ്ങിയവരും ആശുപത്രി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.