പാലക്കാട്: മലമ്പുഴ ഡാമിൽനിന്ന് വ്യാവസായികാവശ്യത്തിന് കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്ക് പൈപ്പ് വഴി വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിക്കെതിരെ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനം. പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മലമ്പുഴ കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമരസമിതി ചെയർമാൻ ജി. ശിവരാജൻ വ്യാഴാഴ്ച ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യും. നിയമപരമായി നടത്തുന്ന നീക്കത്തോടൊപ്പം പ്രത്യക്ഷ സമരവുമായും മുന്നോട്ടുപോകും. ആദ്യഘട്ടമായി നവംബർ മൂന്നിന് ജലസേചന വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തും. മലമ്പുഴ ജലവിതരണത്തിെൻറ പരിധിയിലുൾപ്പെടുന്ന പാലക്കാട് നഗരസഭ കൗൺസിലർമാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും യോഗത്തിലാണ് മാർച്ച് നടത്താൻ തീരുമാനമായത്. പിന്നീട് നഗരസഭയിലും പഞ്ചായത്തുകളിലും പദ്ധതിക്കെതിരെ പ്രമേയം പാസാക്കും. ഈ മാസം 25നുള്ളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ സമരസമിതി രൂപവത്കരിച്ച് പ്രതിഷേധം ശക്തിപ്പെടുത്തും. പാലക്കാട് നഗരസഭ ഉൾെപ്പടെ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലസേചനത്തിനും കുടിവെള്ള ആവശ്യത്തിനും മലമ്പുഴ ഡാമിനെയാണ് ആശ്രയിക്കുന്നത്. നിലവിലെ കാർഷിക, കുടിവെള്ള ആവശ്യത്തിന് ഡാമിൽ വെള്ളമില്ലെന്ന് പ്രതിവർഷം കണക്കുകൾ സൂചിപ്പിക്കുമ്പോഴും വ്യാവസായികാവശ്യത്തിന് ജലം ചോർത്താനുള്ള നടപടി പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് ചിറ്റൂർ റോഡിലെ മാർക്കറ്റിങ് സൊസൈറ്റിയിൽ നടന്ന യോഗം സമരസമിതി ചെയർമാൻ ജി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. കേശവൻകുട്ടി മേനോൻ അധ്യക്ഷത വഹിച്ചു. സി. സ്വാമിനാഥൻ, ഡോ. വത്സകുമാർ പൊരുന്നംങ്കോട്ട്, എ. രാമദാസ്, പി.പി. പങ്കജാക്ഷൻ, കെ. ബാലചന്ദ്രൻ, പി.ആർ. പ്രസാദ്, ബോബൻ മാട്ടുമന്ത, എ.സി. സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.