തിരൂർ: മലയാള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് കെ. ജയകുമാറിെൻറ പകരക്കാരനെ കണ്ടെത്താനായില്ല. തീരുമാനം വൈകുന്നതിനാൽ സർക്കാർ നിർദേശപ്രകാരം താൽക്കാലിക വൈസ് ചാൻസലറായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ചൊവ്വാഴ്ച സ്ഥാനമേറ്റു. പുതിയ വി.സിയെ നിയമിക്കുന്നത് വരേക്കാണ് ഇവർക്ക് ചുമതല. സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായിരുന്ന കെ. ജയകുമാർ ഇൗ മാസം 26നാണ് വിട പറഞ്ഞത്. കാലാവധി അവസാനിക്കുന്ന വിവരം അദ്ദേഹം നേരത്തെത്തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. ജയകുമാറിനെ പോലെ പ്രാഗൽഭ്യമുള്ളയാളാകണം പുതിയയാളുമെന്നാണ് സർക്കാർ നിലപാട്. സാഹിത്യ-സാംസ്കാരിക മേഖലകളുമായി ബന്ധമുള്ളയാളാകണമെന്നും സർക്കാരിന് താൽപര്യമുണ്ട്. എം.ടി. വാസുദേവൻ നായർ ഉൾെപ്പടെ തലമുതിർന്ന സാഹിത്യകാരൻമാരുമായി പലവട്ടം കൂടിയാലോചന ഇതിനകം നടന്നു. സി.പി.എം തലത്തിൽ ഉയർന്ന പേരുകൾ മന്ത്രി തള്ളിയെന്നാണ് വിവരം. അതോടെയാണ് താൽക്കാലിക ചുമതല നൽകാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച കാമ്പസിലെത്തിയ ഡോ. ഉഷ ടൈറ്റസിനെ ഡോ. എം. ശ്രീനാഥൻ, രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, വിദ്യാർഥി ഡീൻ ഡോ. ടി. അനിതകുമാരി, അഡ്മിനിസ്േട്രറ്റീവ് ഓഫിസർ എൻ. മോഹനനാഥ ബാബു, അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. അക്കാദമിക നിലവാരം ഉയർത്തുന്നതിന് മുന്തിയ പരിഗണന നൽകുമെന്നും നിയമാനുസൃത നടപടികൾ പൂർത്തിയാക്കി സ്ഥിരം കാമ്പസ് ഒരുക്കാനുള്ള ശ്രമം ത്വരിതപ്പെടുത്തുമെന്നും ചുമതലയേറ്റ ശേഷം ഉഷ ടൈറ്റസ് പറഞ്ഞു. ഇവർ നേരത്തെ കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ കലക്ടറായും ചെന്നൈ ഐ.ഐ.ടിയിൽ രജിസ്ട്രാറായും സാമൂഹികക്ഷേമം, ആരോഗ്യം, ആരോഗ്യ വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യവകുപ്പിൽ സാമ്പത്തിക കാര്യ ജോയിൻറ് സെക്രട്ടറിയായിരിക്കെ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) ഡെവലപ്മെൻറ് ബാങ്ക്, ബെയ്ജിങ് ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക് എന്നിവ യാഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.