വണ്ടൂരിലെ സംഘർഷം: പൊലീസിനെ പഴിച്ച് ഭരണ, -പ്രതിപക്ഷ കക്ഷികൾ

വണ്ടൂരിൽ: എം.എൽ.എയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പൊലീസിനെ പഴിച്ച് ഇരു പാർട്ടികളും. സ്ഥലം എം.എൽ.എക്ക് സംരക്ഷണം നൽകേണ്ട പൊലീസ് സി.പി.എമ്മുകാരുടെ സംരക്ഷകരായെന്ന് പി.വി. അബ്ദുൽ വഹാബ് എം.പിയും എ.പി. അനിൽകുമാർ എം.എൽ.എയും പ്രതികരിച്ചു. അതേ സമയം പൊലീസിനെതിരെ ആരോപണങ്ങളുമായി സി.പി.എം ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണനും രംഗത്തെത്തി. സ്ഥലം എം.എൽ.എയെ തടയുന്ന സാഹചര്യം ഉണ്ടാവുമ്പോൾ പൊലീസ് സ്വീകരിക്കേണ്ട നടപടികളൊന്നും വണ്ടൂർ പൊലീസി​െൻറ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി പറഞ്ഞു. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയ എ.പി. അനിൽകുമാർ എം.എൽ.എയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് പാർട്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് വണ്ടൂരിൽ സ്വീകരിച്ചതെന്ന് എ.പി. അനിൽകുമാർ എം.എൽ.എയും പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ മണിക്കൂറോളം കുത്തിയിരുപ്പ് സമരം നടത്തിയ എം.എൽ.എ സമരം അവസാനിപ്പിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഏത് പ്രതിസന്ധി ഉണ്ടായാലും പരിപാടികളിൽ പങ്കെടുക്കുമെന്നും എം.എൽ.എ പറഞ്ഞു. അതേ സമയം, പൊലീസിനെതിരെ ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തി. തികച്ചും ജനാധിപത്യ സമരമാണ് നടത്തിയതെന്നും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്നും ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിലേക്ക് പ്രവേശിക്കാതെ റോഡിലിറങ്ങിയ എം.എൽ.എ യുടെ ധിക്കാരമാണ് രംഗം വഷളാവാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.