ഷൊർണൂർ: ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവിന് ചികിത്സ ലഭിച്ചത് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മണിക്കൂറോളം കിടന്നശേഷം. സ്റ്റേഷൻ അധികൃതർ ഇടപെടാത്തതിനെ തുടർന്ന് റെയിൽവേ പൊലീസുകാരാണ് ഒടുവിൽ യുവാവിനെ തൊട്ടടുത്തെ റെയിൽവേ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചത്. ഝാർഖണ്ഡ് സ്വദേശിയായ നരേന്ദ്രകുമാറിനാണ് ഇൗ ദുർഗതി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഒരാൾ പരിക്കേറ്റ് ആറാമത്തെ ട്രാക്കിൽ കിടക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററുമായി റെയിൽവേ പൊലീസ് സംസാരിച്ചെങ്കിലും ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത് ആർ.പി.എഫ് ആണെന്ന നിലപാടുമായി റെയിൽവേ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറി. തുടർന്ന് പൊലീസുകാർ യുവാവിനെ കൊണ്ടുപോകാൻ ശ്രമം തുടങ്ങി. അപ്പോഴും സ്ട്രെക്ച്ചറും ആംബുലൻസും ലഭ്യമാക്കാൻ റെയിൽവേ നടപടിയെടുത്തില്ല. ഒടുവിൽ നഗരസഭയുടെ ആംബുലൻസ് വരുത്തി യുവാവിനെ കൊണ്ടുപോയപ്പോഴേക്കും മണിക്കൂറോളം പിന്നിട്ടിരുന്നു. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളുടെ രണ്ട് കാൽപാദങ്ങൾക്കും ഒരു കൈക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. ഒരു കാൽപാദം പൂർണമായും ചതഞ്ഞ നിലയിലും വലത്തെ കാൽപാദം ഏകദേശം അറ്റ നിലയിലുമാണ്. ഒരു കൈപ്പത്തിയും ഏതാണ്ട് ഇതേ സ്ഥിതിയിലാണ്. ശരീരത്തിൽ വേറെയും മുറിവുകളുണ്ട്. റെയിൽവേ ആശുപത്രിയിലെത്തിച്ച യുവാവിനെ ചികിത്സ സൗകര്യമില്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. pkgshornur പരിക്കേറ്റ യുവാവിനെ പൊലീസുകാർ സ്ട്രെക്ച്ചറിൽ കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.