ഷൊർണൂർ റെയിൽവേ സ്​റ്റേഷനിൽ അപകടത്തിൽപെട്ടാൽ ഭാഗ്യം മാത്രം തുണ

ഉത്തരവാദിത്തമേറ്റെടുക്കാതെ റെയിൽവേ അധികൃതർ ഷൊർണൂർ: സ്റ്റേഷനിൽ അപകടത്തിൽപെടുന്നവരെ രക്ഷിക്കേണ്ട കാര്യത്തിൽ ഷൊർണൂർ റെയിൽവേ അധികൃതർ അലംഭാവം തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലുപേരാണ് ചികിത്സ കിട്ടാൻ വൈകി യാതന അനുഭവിച്ചത്. ട്രെയിനിലും സ്റ്റേഷനിലും അപകടത്തിനിരയായി മരിച്ചവരുടെ മൃതദേഹത്തിനും പലതവണ അവഗണന നേരിട്ടു. പൊലീസുകാരും സ്റ്റാളിലെയും മറ്റും തൊഴിലാളികളും യാത്രക്കാരുമെല്ലാം ദയ കാണിക്കുന്നതിനാലാണ് അപകടത്തിൽപ്പെടുന്ന പലർക്കും അൽപമെങ്കിലും ആശ്വാസം ലഭിക്കുന്നത്. റെയിൽവേ ബോർഡ് തീരുമാനപ്രകാരം സ്റ്റേഷനിലോ ട്രാക്കിലോ പരിക്കേൽക്കുന്നവരുടെയോ മരിക്കുന്നവരുടെയോ ചികിത്സയോ മറ്റോ റെയിൽവേയുടെ ഉത്തരവാദിത്തമല്ലെന്നാണ് അധികൃതർ വാദിക്കുന്നത്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ പോലും സംരക്ഷണം തങ്ങളുടേതല്ലെന്ന വാദത്തിൽ പരക്കെ പരാതിയുണ്ട്. എന്നാൽ, റെയിൽവേയുടെ തന്നെ നിയമാവലിയിൽ ഇവയെല്ലാം ബന്ധപ്പെട്ട ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്ററുടേതാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ആവശ്യമായ ചെലവ് സ്റ്റേഷൻ മാസ്റ്റർക്ക് നിർവഹിക്കാനുള്ള അധികാരവും ഫണ്ടുമുണ്ടെന്നതാണ് വസ്തുത. ഷൊർണൂരിൽ ജോലി ചെയ്തിരുന്ന സ്റ്റേഷൻ മാസ്റ്റർമാരിൽ ചിലർ ഇക്കാര്യം ചെയ്തിരുന്നതുമാണ്. ഗുരുതര പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ സൗകര്യമുള്ള ആശുപത്രിയില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഒരു ഡോക്ടർ മാത്രമാണ് ഷൊർണൂർ റെയിൽവേ ആശുപത്രിയിലുള്ളത്. ഇതിനാൽ സേവനം പലപ്പോഴും ലഭ്യമാകാറില്ല. പ്രഥമശുശ്രൂഷ നൽകാതെയാണ് മിക്കവാറും ഗുരുതര പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് റഫർ ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.