പഞ്ചായത്തുകളുടെ നിസ്സഹകരണം; ഒ.ഡി.എഫ് പ്രഖ്യാപനം പലതവണ മാറ്റി

മലപ്പുറം: തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജനമില്ലാത്ത സമ്പൂര്‍ണ ശൗചാലയ ജില്ലയായി മലപ്പുറത്തെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയത് ഏതാനും പഞ്ചായത്തുകളുടെ നിസ്സഹകരണം മൂലം. ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപനം നടത്തുമെന്നായിരുന്നു ആഗസ്റ്റ് അവസാനം മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത്, കലക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളൊന്നുംതന്നെ പല പഞ്ചായത്തുകളും വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. മന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാത്ത ആറ് പഞ്ചായത്തുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിവന്നതും നിസ്സഹകരണത്തിന് തെളിവാണ്. ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 15 ആയിരുന്നു പ്രഖ്യാപന തീയതി നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന്‍ അറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, ഈ തീയതിയും മാറ്റി 16 ആക്കിയിട്ടും വെള്ളിയാഴ്ച വരെ പലപഞ്ചായത്തുകളും വിവരങ്ങള്‍ ശുചിത്വ മിഷന് കൈമാറിയിട്ടില്ല. സമ്പൂര്‍ണ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ഗുണഭോക്താക്കളുടെ പൂര്‍ണവിവരം സ്വച്ഛ് ഭാരത് മിഷന്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. എന്നാല്‍, യഥാവിധി പഞ്ചായത്തുകള്‍ വിവരം നല്‍കാത്തതിനാല്‍ വെള്ളിയാഴ്ച വൈകീട്ട് വരെ ഈ നടപടി പൂര്‍ത്തിയാക്കാനായിട്ടില്ല. ശനിയാഴ്ച ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കണമെങ്കിലും പഞ്ചായത്തുകള്‍ സഹകരിക്കണം. പഞ്ചായത്തിലെ ടെക്നിക്കല്‍ ജീവനക്കാരുടെ സഹായത്തോടെ ശനിയാഴ്ച അഞ്ചിന് മുമ്പ് വിവരങ്ങള്‍ ആദ്യം ശുചിത്വ മിഷന്‍െറ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. ജില്ലയിലെ 94 പഞ്ചായത്തുകളിലും കൂടി ശൗചാലയമില്ലാത്തവരായി കണ്ടത്തെിയത് 12,052 പേരെയായിരുന്നെങ്കിലും അവസാന കണക്കില്‍ 12,011 പേര്‍ക്കാണ് ശൗചാലയം നിര്‍മിച്ച് നല്‍കിയിരിക്കുന്നതെന്ന് ശുചിത്വ മിഷന്‍ അറിയിച്ചു. അതേസമയം, മന്ത്രിയുടെ സൗകര്യം പരിഗണിച്ചാണ് പ്രഖ്യാപന തീയതി 16ലേക്ക് മാറ്റിയതെന്നാണ് ശുചിത്വമിഷന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.