വളാഞ്ചേരി: നഗരസഭ ഭരണം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും അവസാന നിമിഷവും അരയും തലയും മുറുക്കി രംഗത്തുണ്ട്. നഗരസഭ രൂപവത്കരിച്ചതിനുശേഷം മൂന്നാമത്തെ തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫാണ് വിജയിച്ചത്. 34 വാർഡുകളുള്ള നഗരസഭയിൽ യു.ഡി.എഫിൽ മുസ്ലിം ലീഗ് 19 വാർഡിലും കോൺഗ്രസ് 10 വാർഡിലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ നാലിടത്ത് സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്ന രണ്ട് വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകിയതാണ്. ഏഴിടത്ത് മാത്രമേ സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മറ്റ് വാർഡുകളിൽ സ്വതന്ത്ര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. എൽ.ഡി.എഫ് സീറ്റ് വിഭജനത്തിൽ മൂന്ന് പി.ഡി.പി, ഒരോ വാർഡ് സി.പി.ഐ, ജെ.ഡി.എസിനും സി.പി.എം നൽകിയിട്ടുണ്ട്. നിലവിലെ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. അബ്ദുൽ ഗഫൂർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ. വേണുഗോപാലൻ, കോൺഗ്രസ് നേതാവും ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്റുമായ കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ മത്സരിക്കുന്നവരിൽ പ്രമുഖരാണ്.
ജനറൽ സീറ്റിൽ മൂന്ന് വനിതകൾ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാൾ കൂടുതൽ വാർഡുകളിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ചില വാർഡുകളിലെ അടിയൊഴുക്കുകൾ തങ്ങൾക്ക് അനുകൂലമാവുമെന്ന് എൽ.ഡി.എഫും കരുതുന്നു. 20 വാർഡുകളുള്ള ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ശക്തമായ മത്സരമാണ്. 22 വാർഡുകളുള്ള എടയൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വാർഡിലും സി.പി.എം മത്സരിക്കുന്നു. മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത സി.പി.ഐ വാർഡ് ഒന്നിൽ പൊതു സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കുന്നു. യു.ഡി.എഫ് മുന്നണിയിൽ 16 വാർഡുകളിൽ മുസ്ലിം ലീഗും, നാല് വാർഡുകളിൽ കോൺഗ്രസും ഒരു വാർഡിൽ വെൽഫെയർ പാർട്ടിയും മത്സരിക്കുമ്പോൾ ഒരു വാർഡിൽ പൊതു സ്വതന്ത്രയെ പിന്തുണക്കുന്നു. നിലവിൽ എടയൂരിൽ യു.ഡി.എഫ് ഭരണമാണ്.
ഭരണ തുടർച്ചയുണ്ടാകുമെന്ന് യു.ഡി.എഫ് കരുതുമ്പോൾ 2015ലെ അട്ടിമറി എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. പല വാർഡുകളിൽ ശക്തമായ മത്സരമാണുള്ളത്. 24 വാർഡുകളുള്ള മാറാക്കരയിൽ മുസ്ലിം ലീഗ് 15 വാർഡുകളിലും, ഒമ്പത് വാർഡുകളിൽ കോൺഗ്രസും മത്സരിക്കുന്നു. എൽ.ഡി.എഫിൽ 20 വാർഡുകളിൽ മത്സരിക്കുന്ന സി.പി.എം ആറ് വാർഡുകളിലാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. രണ്ട് വാർഡുകളിൽ പി.ഡി.പി സ്വതന്ത്രരെയും രണ്ട് വാർഡുകളിൽ ലീഗ് വിമതരെയും സി.പി.എം പിന്തുണക്കുന്നു. സി.പി.ഐ ഒരു വാർഡിൽ സ്വതന്ത്രനെ പിന്തുണക്കുന്നു. ഭരണം നിലനിർത്തുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫും കണക്ക് കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.