സാധാരണക്കാരന്‍െറ ഗള്‍ഫ് സ്വപ്നം തകര്‍ത്ത് എമിഗ്രേഷന്‍ നിബന്ധനകള്‍

വള്ളക്കടവ്: എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കിയത് സാധാരണക്കാരുടെ ഗള്‍ഫ് ജോലി സാധ്യതകള്‍ പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കാന്‍ തൊഴിലുടമ ബാങ്ക് ഗാരണ്ടി നല്‍കണമെന്ന നിയമം കര്‍ശനമാക്കിയതോടെ എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് തൊഴില്‍ തേടി വിദേശത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ട് വര്‍ഷം മുമ്പുവരെ വിസയുടെ കോപ്പിയോ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോര്‍ട്ടോ ഉണ്ടെങ്കില്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് വിമാനത്താവളങ്ങളില്‍നിന്ന് നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്തവര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ നല്‍കുന്ന കമ്പനിയുടെ സ്പോണ്‍സര്‍ഷിപ് ഡിക്ളറേഷന്‍, തൊഴില്‍ ഉടമയുടെ ബാങ്ക് ഗാരണ്ടി എന്നിവ കൂടി ഹാജരാക്കിയാലേ എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കൂ എന്നാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കുന്നത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഓഫിസില്‍നിന്നാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍നിന്നാണ് എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കിയിരുന്നത്. പുതിയ നിയമം വന്നതോടെ ദിവസവും നൂറ് കണക്കിന് പേരാണ് ക്ളിയറന്‍സിനായി ഇവിടെ കയറിയിറങ്ങുന്നത്. സൗദിയിലേക്ക് പോകാന്‍ ആദ്യം മുംബൈയില്‍നിന്ന് വിസ സ്റ്റാമ്പിങ് നടത്തേണ്ടതുണ്ട്. എന്നാല്‍, എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ വിസ സ്റ്റാമ്പിങ് നടത്തിയ നിരവധി പേരാണ് കടല്‍ കടക്കാന്‍ കഴിയാതെ ആശങ്കയിലായത്. നടപടി നിര്‍ത്തിയതോടെ വിസ കാലാവധി അവസാനിച്ച് പുതിയ വിസയുമായി നാട്ടില്‍ എത്തിയവര്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നേരത്തേ ബിരുദമുള്ളവര്‍ക്ക് മാത്രം നല്‍കിയിരുന്ന എമിഗ്രേഷന്‍ ക്ളിയറന്‍സ് ആണ് ഇപ്പോള്‍ എസ്.എസ്.എല്‍.സിയാക്കിയത്. ഇതിനെയാണ് ഇപ്പോള്‍ തൊഴില്‍ ഉടമയുടെ ബാങ്ക് ഗാരണ്ടി കൂടിയാക്കിയത്. വിസ നല്‍കുന്ന അറബികള്‍ ബാങ്ക് ഗാരണ്ടി നല്‍കാന്‍ തയാറാകാത്തത് സാധാരണക്കാരുടെ ഗള്‍ഫ് ജോലിയെന്ന സ്വപ്നമാണ് തകര്‍ക്കുന്നത്. എമിഗ്രേഷന്‍ കര്‍ശനനിയമം മുതലെടുത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ചവിട്ടിക്കയറ്റ് സംഘങ്ങളും സജീവമായി തുടങ്ങി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എസ്.എസ്.എല്‍.സി പാസാകാത്തവരെ വിദേശത്തേക്ക് കടത്തും. ഇതിനായി ഇവര്‍ വാങ്ങുന്നത് 40,000 മുതല്‍ 50,000 രൂപ വരെയാണ്. ചെന്നൈ, ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെയാണ് ഇതിനായി അധികവും ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.