കണ്ണടച്ച് നഗരസഭ: മാലിന്യം നിറഞ്ഞ് തീരദേശം

പൂന്തുറ: തീരദേശം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധപൂരിതമായിട്ടും നടപടിയെടുക്കാന്‍ നഗരസഭ തയാറാകുന്നില്ളെന്ന്. പകര്‍ച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാര്‍ കഴിയുന്നത്. നിരവധി തവണ പരാതി നല്‍കിയെങ്കിലും കണ്ടില്ളെന്ന മട്ടാണ്. തലസ്ഥാനനഗരിയോട് ചേര്‍ന്ന് കിടക്കുന്ന പൂന്തുറ മുതല്‍ വേളി വരെയുള്ള തീരമേഖലയാണ് മാലിന്യകേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനിടയില്‍ വരുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വേളിയും ശംഖുംമുഖം ബീച്ചും മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നത് മൂലം വിനോദ സഞ്ചാരികള്‍ ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ട നഗരസഭാ അധികൃതര്‍ ഇത് കണ്ടില്ളെന്ന് നടിക്കുന്ന അവസ്ഥയാണ്. പുതിയ ഭരണസാരഥികള്‍ എത്തിയാല്‍ തീരത്ത് മാലിന്യനീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. തലസ്ഥാനനഗരത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍, മാര്‍ക്കറ്റുകള്‍, ഹോട്ടല്‍ തുടങ്ങിയിടങ്ങളില്‍നിന്നുള്ള മാലിന്യങ്ങളാണ് തീരത്ത് കൊണ്ടുവന്ന് തള്ളുന്നത്. ആഴ്ചകളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം കാരണം പകര്‍ച്ചവ്യാധി പിടിപെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. തീരമേഖലയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇറച്ചി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളിലേക്ക് ആഹാരം തേടി തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും തീരത്ത് ഭീതി പരത്തുകയാണ്. നായ്ക്കള്‍ വിനോദസഞ്ചാരികളെയും സ്കൂള്‍ കുട്ടികളെയും ഉപദ്രവിക്കുന്നത് നിത്യസംഭവമാണ്. മാലിന്യം തള്ളുന്നതിനു പുറമെ രാത്രികാലത്ത് ചാക്കില്‍ കെട്ടിയ മാലിന്യം കടലിലേക്ക് വലിച്ചെറിയുന്ന സംഘങ്ങളും സജീവമാണ്. ഇത്തരത്തില്‍ മാലിന്യം കടലില്‍ തള്ളുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.