ഇ –ടോയ്ലറ്റിനെ ചൊല്ലി വിവാദം; ഫണ്ട് വകമാറ്റുന്നു

മലപ്പുറം: നഗരസഭ പുതുതായി സ്ഥാപിച്ച ഇ ടോയ്ലറ്റിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വിവാദം. നഗരത്തില്‍ മൂന്നിടത്ത് സ്ഥാപിച്ച ഇ -ടോയ്ലറ്റിനെക്കുറിച്ചാണ് വിവാദമുയര്‍ന്നിരിക്കുന്നത്. കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക് സമീപം, കിഴക്കത്തേല, പാസ്പോര്‍ട്ട് സേവാകേന്ദ്രം എന്നിവിടങ്ങളിലാണ് മുന്‍ ഭരണസമിതിയുടെ കാലത്ത് മൂന്ന് ഇ ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ രണ്ടെണ്ണത്തിന് സ്ഥലം ഉപയോഗിക്കാന്‍ അതത് വകുപ്പുകളുടെ അംഗീകാരം കിട്ടിയിട്ടില്ല. കിഴക്കത്തേല, പാസ്പോര്‍ട്ട് സേവാകേന്ദ്രം എന്നിവിടങ്ങളിലുള്ളതിനാണ് അനുമതി ലഭിക്കാത്തത്. നഗരസഭയുടെ സ്ഥലത്ത് അല്ലാത്തതിനാല്‍ അതത് വകുപ്പുകളാണ് അനുമതി നിഷേധിച്ചത്. കിഴക്കത്തേലയിലേത് ദേശീയപാത അതോറിറ്റിയുടെയും പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിനു സമീപമുള്ളത് പി.ഡബ്ള്യൂ.ഡിയുടെയും സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഇരു വകുപ്പുകളുടെയും അനുമതി ലഭിച്ചിട്ടില്ല. 2015-16 സാമ്പത്തിക വര്‍ഷത്തിലെ പ്രവൃത്തികള്‍ രണ്ടു മാസത്തിനുള്ളില്‍ തീര്‍ക്കണം. ഇ -ടോയ്ലറ്റ് പദ്ധതി ഈ കാലയളവിനുള്ളില്‍ തീര്‍ക്കാനാവാത്തതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം പ്രത്യേക ഫണ്ട് അനുവദിച്ച് പദ്ധതി പൂര്‍ത്തിയാക്കാനാണ് കൗണ്‍സില്‍ തീരുമാനം. അനുമതി ലഭിക്കാത്തതിനാല്‍ ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗ തീരുമാനം. നടപ്പു സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചില്ളെങ്കില്‍ മുമ്പ് നീക്കിവെച്ച ഫണ്ട് നഷ്ടമാകും. ഇത് ഒഴിവാക്കാനാണ് വകമാറ്റുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ തനത് ഫണ്ടില്‍നിന്ന് പണം നല്‍കാനും യോഗത്തില്‍ തീരുമാനമായി. രണ്ട് ടോയ്ലറ്റുകള്‍ക്കുള്ള 26 ലക്ഷം രൂപയാണ് വക മാറ്റുന്നത്. ഒരു ടോയ്ലറ്റിന് 13 ലക്ഷം വീതം 39 ലക്ഷം രൂപയാണ് നേരത്തേ വകയിരുത്തിയിരുന്നത്. നഗരത്തിന് ഏറെ ആവശ്യമുള്ള ഇ ടോയ്ലറ്റ് പദ്ധതി വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയതിനാലാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത സാഹചര്യമുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. നടപ്പാക്കിയതിലെ സുതാര്യതയെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നത്. വകുപ്പുകളുടെ അനുമതി ലഭിക്കാന്‍ നടപടിയെടുക്കാതെ ടോയ്ലറ്റ് നിര്‍മിച്ചത് കടുത്ത അനാസ്ഥയാണെന്നും പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ചു. ടോയ്ലറ്റുകള്‍ക്ക് അനുമതി ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.