സഹകരണ ആശുപത്രിയില്‍ അനുമതിയില്ലാതെ യുവതിയെ സിസേറിയന് വിധേയമാക്കിയെന്ന്

തിരൂര്‍: അനുമതി വാങ്ങാതെ പരപ്പനങ്ങാടി എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയില്‍ യുവതിയെ സിസേറിയന് വിധേയമാക്കിയതായി ആരോപണം. ആശുപത്രിക്കെതിരെ പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ളെന്നും നീതിതേടി മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്നും ശസ്ത്രക്രിയക്ക് വിധേയയായ സക്കീനയുടെ ഭര്‍ത്താവ് കോഴിക്കോട് കുന്ദമംഗലം സി.പി. മന്‍സിലില്‍ അബ്ദുല്‍ മനാഫ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം പ്രസവത്തിനായി സക്കീനയെ ഡിസംബര്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാക്വംട്യൂബ് രീതിയിലായിരുന്നു ആദ്യപ്രസവം. 21ന് രാവിലെ ആറിന് സക്കീനയെ പ്രസവ മുറിയിലേക്ക് കൊണ്ടുപോകുകയും പത്തരയോടെ കുട്ടിയെ പുറത്തേക്ക് നല്‍കുകയും ചെയ്തു. വൈകീട്ട് നാലരക്ക് അനസ്തേഷ്യയുടെ അഡ്വാന്‍സ് അടക്കണമെന്നാവശ്യപ്പെട്ട് 20,000 രൂപയുടെ ബില്ല് തന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സിസേറിയനായിരുന്നുവെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഡോക്ടറോടും ആശുപത്രി പി.ആര്‍.ഒയോടും ബന്ധപ്പെട്ടപ്പോള്‍ ഒപ്പിട്ട് താന്‍ നല്‍കിയ പേപ്പറുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെടുകയും രോഗിക്ക് വല്ലതും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദിയാകില്ളെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മനാഫ് പറയുന്നു. എന്നാല്‍, സമ്മതപത്രത്തിന്‍െറ പകര്‍പ്പ് നല്‍കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസില്‍ 22ന് പരാതി നല്‍കി. ദിവസങ്ങളായിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സക്കീനയോടൊപ്പം മറ്റ് രണ്ട് സ്ത്രീകളെ കൂടി സിസേറിയന് വിധേയമാക്കിയിരുന്നു. അവരെക്കൊണ്ട് സിസേറിയന് മുമ്പുതന്നെ അഡ്വാന്‍സ് അടപ്പിക്കുകയും ചെയ്തു. തങ്ങള്‍ക്ക് സിസേറിയന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് അഡ്വാന്‍സ് അടക്കാന്‍ ബില്ല് നല്‍കിയതെന്നും സക്കീനയുടെ ഡിസ്ചാര്‍ജ് വൈകിപ്പിച്ചെന്നും അബ്ദുല്‍ മനാഫ് പറഞ്ഞു. സക്കീനയുടെ പിതാവ് കക്കാട്ട് ഹംസ, സഹോദരന്‍ കെ. ഖാലിദ്, സഹോദരി ഭര്‍ത്താവ് എ. സലീം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.