മലയിടിക്കലും മാലിന്യം തള്ളലും; കുരങ്ങന്‍ചോല പ്രദേശം നാശത്തിലേക്ക്

മങ്കട: ഒട്ടേറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രകൃതി സുന്ദരമായ കുരങ്ങന്‍ ചോല പ്രദേശം നാശത്തിന്‍െറ വക്കില്‍. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാലാവസ്ഥയും മനോഹര ദൃശ്യങ്ങളുമുള്ള ഈ പ്രദേശത്തേക്ക് ഈയിടെയായി യാത്രാ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. വെള്ളില ആയിരനാഴിപ്പടിയില്‍നിന്നും യു.കെ പടിയില്‍നിന്നും വേരുമ്പിലാക്കലില്‍ നിന്നുമായി ഇവിടെ എത്തിച്ചേരാനുള്ള റോഡുകള്‍ ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍, ഈ സൗകര്യം ദുരുപയോഗം ചെയ്ത് മാലിന്യം തള്ളുന്നവരാണ് പ്രദേശത്തത്തെുന്നത്. പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ക്രഷര്‍ യൂനിറ്റും സഞ്ചാരികള്‍ക്കും പരിസര പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന കോഴിമാലിന്യം, അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ തള്ളുന്നതും ജലസ്രോതസ്സുകളുടെ ഉറവിടം കൂടിയായ കുരങ്ങന്‍ ചോലയെ നശിപ്പിക്കുകയാണ്. പ്രദേശത്ത് ജലസ്രോതസ്സുകളില്‍ വന്‍ തോതില്‍ കോഴി അവശിഷ്ടങ്ങള്‍ തള്ളിയതോടെ കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. ആദ്യം ക്രഷര്‍ യൂനിറ്റും ക്രമേണ ക്വാറിയും തുടങ്ങുന്നതിനുള്ള പദ്ധതികളാണ് കുരങ്ങന്‍ ചോല പ്രദേശത്ത് ആവിഷ്കരിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മങ്കട ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. തുടക്കം മുതല്‍തന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വരികയും കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രദേശത്തെ നെല്ല്കുത്ത് പാറയും അനുബന്ധ പാറകളും ഖനനം നടത്താനും ക്രഷര്‍ യൂനിറ്റ് തുടങ്ങാനുമാണ് നീക്കം. വേരുമ്പിലാക്കല്‍-പന്തലൂര്‍ റോഡിലെ മനോഹരമായ ഈ പ്രദേശത്തെ ക്രഷര്‍ യൂനിറ്റിന്‍െറ പ്രവര്‍ത്തനത്താല്‍ ചരിത്ര ശേഷിപ്പായ നെല്ല്കുത്ത് പാറയടക്കമുള്ളവ നശിക്കാനും ഉരുള്‍പൊട്ടല്‍ അടക്കമുള്ള ദുരന്തങ്ങള്‍ക്ക് വഴിവെക്കാനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ മലനിരകളാണിത്. ശുദ്ധജല സ്രോതസ്സായ ആയിരനാഴിപ്പടിയിലെ അമ്മണംചോല, കുരങ്ങന്‍ ചോല, ആര്‍ക്കാട്ട്ചോല തുടങ്ങിയ കാട്ടരുവികളുടെ ഉത്ഭവ സ്ഥാനവും ഈ പ്രദേശമാണ്. അപൂര്‍വ സസ്യങ്ങളുടെയും ജീവികളുടെയും കലവറകൂടിയായ ഈ പ്രദേശം സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ഇതുവരെയും കാര്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.