ഒതുക്കുങ്ങലിലെ എ.ടി.എം കവര്‍ച്ചാശ്രമം: പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍

കോട്ടക്കല്‍: ഒതുക്കുങ്ങലില്‍ എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ പശ്ചിമബംഗാള്‍ സ്വദേശി പിടിയിലായി. ബേജാവൂര്‍ സ്വദേശി ഗോവിന്ദയെയാണ് (25) എസ്.ഐ ആര്‍. വിനോദ് കോട്ടക്കലില്‍വെച്ച് അറസ്റ്റ് ചെയ്തത്. എ.ടി.എം കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു മുകളിലെ വാടകക്കാരനായ പ്രതി ആറുമാസം മുമ്പാണ് ഒതുക്കുങ്ങലിലത്തെിയത്. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ എ.ടി.എമ്മില്‍നിന്ന് ഉപഭോക്താക്കള്‍ പണം പിന്‍വലിക്കുന്നത് രാവിലെയും വൈകീട്ടും നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കവര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. എളുപ്പത്തില്‍ പണക്കാരനാകാനാണ് കവര്‍ച്ചക്ക് ശ്രമിച്ചതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. തൊഴില്‍ സ്ഥലത്തുനിന്നുമത്തെിച്ച ചുറ്റിക കൊണ്ടായിരുന്നു കൗണ്ടറും നിരീക്ഷണ കാമറകളും തകര്‍ത്തത്. പണം നിക്ഷേപിച്ച ഭാഗം തകര്‍ക്കാന്‍ പറ്റാത്തതോടെ ശ്രമം ഉപേക്ഷിച്ചു. കൃത്യത്തിനുശേഷം മുനമ്പത്ത് ജോലിക്കുപോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. മറ്റൊരു കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. 800,900 രൂപയാണ് കൗണ്ടറില്‍ ഉണ്ടായിരുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐ ബെന്നി, സി.പി.ഒമാരായ വിമല്‍, നസീര്‍ തിരൂര്‍ക്കാട്, സജു, ശരത്, ആദിത്യന്‍, മുജീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.