മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ ഇല്ല

മലപ്പുറം: ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രസവസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് ഡോക്ടര്‍മാര്‍ വിമുഖത കാട്ടുന്നതായി പരാതി. കോസ്റ്റമോളജി, ഡെന്‍റല്‍ ക്ളിനിക്കുകള്‍ തുടങ്ങി ആശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ചികിത്സ നിഷേധിക്കപ്പെടുന്നതായ പരാതി ഉയരുന്നത്. ശസ്ത്രക്രിയ വേണ്ടി വരുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. നേരത്തേ മാസം ശരാശരി 30-40 വരെ പ്രസവ ശസ്ത്രക്രിയകള്‍ നടന്നിരുന്നു. എന്നാല്‍, കുറച്ച് മാസങ്ങളായി മാസം ശരാശരി അഞ്ചില്‍ താഴെ പ്രസവ ശസ്ത്രക്രിയകള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരാണ് നിലവിലുള്ളത്. നേരത്തേ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ നാല് മാസം മുമ്പ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സ്ഥലം മാറിയിരുന്നു. ഇവര്‍ക്ക് പകരം വന്ന രണ്ട് ഡോക്ടര്‍മാരും പ്രസവ ശസ്ത്രിക്രിയകള്‍ക്ക് തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ശസ്ത്രക്രിയ ആവശ്യമെന്ന് കണ്ടാല്‍ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ മറ്റോ റഫര്‍ ചെയ്യുകയാണ്. ഓപറേഷന്‍ തിയറ്റര്‍ കെട്ടിടത്തിന്‍െറ തകര്‍ച്ച, കെട്ടിടം മാറ്റി സ്ഥാപിക്കല്‍ എന്നിവ കാരണം ഇടക്കാലത്ത് ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഓപറേഷന്‍ തിയറ്റര്‍ പൂര്‍ണ സജ്ജമാണ്. അനസ്ത്തറ്റിസ്റ്റിന്‍െറ സേവനവും കൃത്യമായി ലഭിക്കുന്നുണ്ട്. മാസം ശരാശരി 50-60 ജനറല്‍ സര്‍ജറികള്‍ ആശുപത്രിയില്‍ നടക്കുന്നുമുണ്ട്. എന്നാല്‍, പ്രസവ ശസ്ത്രക്രിയകള്‍ മാത്രമാണ് നടക്കാത്തത്. ആശുപത്രിയില്‍ മാസം 50-60 സാധാരണ പ്രസവങ്ങള്‍ നടക്കുന്നു. എന്നാല്‍, ശസ്ത്രക്രിയ വേണ്ടിവരുന്ന അവസ്ഥ വന്നാല്‍ ഇവിടെ സൗകര്യമില്ളെന്ന് പറഞ്ഞ് രോഗികളെ തിരിച്ചയക്കുകയാണ്. എത്രയും പെട്ടെന്ന് മറ്റ് ആശുപത്രികളില്‍ എത്താനുള്ള തത്രപ്പാടില്‍ ആരും ഡോക്ടര്‍മാരുടെ ഈ നടപടി ചോദ്യം ചെയ്യാറുമില്ല. അതേസമയം, ശസ്ത്രക്രിയ നിഷേധിക്കുന്നത് സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അജേഷ് രാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.