മൂന്നക്ക ലോട്ടറി വ്യാപകം; പൊലീസ് നടപടിയെടുക്കുന്നില്ല

കൊണ്ടോട്ടി: മൂന്നക്ക നമ്പര്‍ ലോട്ടറി വ്യാപകമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ്, മോങ്ങം, കിഴിശ്ശേരി, പുളിക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്നക്ക നമ്പര്‍ ലോട്ടറി കച്ചവടം പൊടിപൊടിക്കുന്നത്. കൊണ്ടോട്ടി ബസ്സ്റ്റാന്‍റിന് പിറകുവശത്ത് പരസ്യമായാണ് നമ്പറെഴുത്ത്. നിരവധിയാളുകള്‍ ഇവിടെ ഇതിന്‍െറ ഏജന്‍റുമാരാണ്. സര്‍ക്കാര്‍ ലോട്ടറിയേക്കാള്‍ ആവശ്യക്കാര്‍ കൂടുതലും സമാന്തര ലോട്ടറിക്കാണ്. മോങ്ങത്തും പരസ്യമായാണ് ഏജന്‍റുമാര്‍ മൂന്നക്ക നമ്പര്‍ ലോട്ടറി കച്ചവടം നടത്തുന്നത്. അമ്പത് രൂപ മുതല്‍ അയ്യായിരം രൂപവരെയുള്ള തുകയാണ് സമ്മാനമായി നല്‍കുന്നത്. സര്‍ക്കാര്‍ ലോട്ടറിയുടെ ഒന്നാം സമ്മാന നമ്പറിന്‍െറ അവസാന മൂന്നക്ക നമ്പറാണ് സമാന്തര ലോട്ടറിയില്‍ ഒന്നാം സമ്മാനം. ഒരു നമ്പറെഴുതാന്‍ പത്ത് രൂപയാണ്. ഏറ്റവും കുറഞ്ഞത് അഞ്ചെണ്ണം എഴുതണം. പലരും 5,000 മുതല്‍ 25,000 രൂപയാണ് ദിവസവും ഇതിനായി മുടക്കുന്നത്. ടാക്സി ഡ്രൈവര്‍മാരും കൂലിപ്പണിക്കാരുമാണ് ഇവരുടെ കെണിയില്‍പെടുന്നത്. മൂന്നക്ക നമ്പര്‍ ലോട്ടറിയെടുത്ത് വന്‍ ബാധ്യത വന്ന നിരവധി പേരുണ്ട്. വല്ലപ്പോഴും പൊലീസ് ചിലരെ പിടിക്കുന്നുണ്ടെങ്കിലും ഇതിന്‍െറ വമ്പന്മാരിലേക്ക് അന്വേഷണം കൊണ്ടു പോവാറില്ല. കൊണ്ടോട്ടിയിലും മോങ്ങത്തും കിഴിശ്ശേരിയിലും ഇത്തരത്തില്‍ നമ്പറെഴുത്ത് നടക്കുന്നത് പൊലീസിന് വ്യക്തമായ വിവരമുണ്ട്. പൊലീസിലെ ചിലരും ഇവരും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.