പരപ്പനങ്ങാടി തീരത്തെ മത്തി ചാകര
പരപ്പനങ്ങാടി: മത്തിയുടെ വരവ് കടലോരത്ത് ആഹ്ലാദം തീർക്കുമ്പോഴും പല കാരണങ്ങളാൽ വല തകർന്ന് തിരിച്ചുവരുന്നവരുടെ മനസ്സിൽ സങ്കട കടലിരമ്പം. ചാകര കിട്ടുന്ന കാലത്ത് മീൻ പിടിക്കാൻ വലയില്ലാതെ വരുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഇരട്ട ആഘാതമാണ് തീർക്കുന്നത്.
കണ്ടെയ്നറിൽ തട്ടി തകർന്ന വല തൊഴിലാളികൾ നേരെയാക്കുന്നു
മത്സ്യം ലഭിക്കാതെ വന്ന ദീർഘകാല ഇടവേളക്ക് ശേഷം മത്തിച്ചാകര വന്നപ്പോഴാണ് ഈ ദുരവസ്ഥ. ചാകരക്കിടയിൽ പതിയിരിക്കുന്ന കടൽ മാക്രികളുടെ ആക്രമണത്തിൽവലകൾ പാടെ തകരുകയാണ്. ഇതിനു പുറമെയാണ് സ്കാനറിൽ കാണാതെ പോകുന്ന കടൽപാറകളും വിലങ്ങുതടിയാകുന്നത്. കടൽ പാറകളിൽ കുടുങ്ങി ലക്ഷങ്ങളുടെ വലകളാണ് തകർന്നടിയുന്നത്.
ഇവ തുന്നിച്ചേർക്കാൻ ദിവസങ്ങളോളം യാതൊരുവിധ വരുമാനമോ തൊഴിലോ ഇല്ലാതെ തൊഴിലാളികൾ കഷ്ടപെടുകയാണ്. കർണാടകയിലെ മത്സ്യ ഉൽപന്ന ഫാക്ടറികളിലേക്ക് എത്ര ടൺ മത്തിയും ഏറ്റെടുക്കുമ്പോഴാണ് വലനാശം മത്സ്യത്തൊഴിലാളികൾക്ക് ദുരിതം സമ്മാനിക്കുന്നത്.
കണ്ടെയ്നറിൽ തട്ടി വല തകർന്നു
പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ കണ്ടെയ്നറിൽ തട്ടി വല തകർന്നു. ചാപ്പപ്പടിയിൽനിന്ന് മീൻ പിടിക്കാൻപോയ കുഞ്ഞിക്കണ്ണന്റെ പുരക്കൽ അസ്കർ ലീഡറായ ലബീബ് ഫൈബർ വള്ളത്തിന്റെ വലയാണ് തകർന്നത്. ഒരുഭാഗം കടലിൽ മുങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് 40 പേരടങ്ങുന്ന സംഘം പണിക്ക് പോയത്. 10.37 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ചാണ് സംഭവം. 15 ലക്ഷം വില വരുന്ന പുതിയ വലയാണ് തകർന്നത്. രണ്ടാഴ്ച മുമ്പ് വളത്തിൽ കയറ്റിയതായിരുന്നു വല. തകർന്ന് കടലിൽ മുങ്ങിയ വലക്ക് അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും രണ്ട് മാസം പണിക്ക് പോകാൻ കഴിയില്ലെന്നും ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.