ചേനപ്പാടി ആദിവാസി കോളനിക്കാര്‍ക്ക് തലചായ്ക്കാന്‍ വീടൊരുങ്ങുന്നു

ചോക്കാട്: ചേനപ്പാടി ആദിവാസികളുടെ വീട് നിര്‍മാണം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേനപ്പാടി മലവാരത്തില്‍ വനത്തിനുള്ളില്‍ കഴിഞ്ഞിരുന്ന ഒമ്പത് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിക്കുന്നത്. ചോക്കാട് പരുത്തിപ്പറ്റിയിലാണ് ചേനപ്പാടിക്കാര്‍ക്ക് വീട് ഒരുങ്ങുന്നത്. കൂറ്റന്‍ മരം കടപുഴകി വീണ് അപകടത്തില്‍പ്പെട്ട് വിനോദ് എന്ന പിഞ്ചുബാലന്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് പുല്ലങ്കോട് ലേബര്‍ വെല്‍ഫെയര്‍ സെന്‍ററില്‍ അഭയാര്‍ഥികളായി കഴിയുകയാണ് ചേനപ്പാടി ആദിവാസികള്‍. രണ്ടാം തവണയാണ് വീടുകളുടെ നിര്‍മാണം നടക്കുന്നത്. പഞ്ചായത്തോ മറ്റ് അധികൃതരോ അറിയാതെ തുടങ്ങിയ വീട് നിര്‍മാണത്തില്‍ അടിത്തറ താഴ്ചയില്ലാത്തത് വിവാദമായിരുന്നു. നിര്‍മാണത്തിലെ ക്രമക്കേട് കാരണം പ്രവൃത്തി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് വാര്‍ഡംഗം റസിയ അലിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ മറ്റൊരു കരാറുകാരനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍മാണം പുരോഗമിക്കുന്നത്. ‘ആശിച്ച ഭൂമി ആദിവാസികള്‍ക്ക് സ്വന്തം’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രത്യേകം മുന്‍കൈയെടുത്ത് സ്ഥലം ലഭ്യമാക്കിയത്. നാലുമാസം കൊണ്ട് വീട് പണി പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരാറുകാരന്‍ പറയുന്നത്. ഇവിടേക്ക് റോഡ് നിര്‍മിക്കാനുള്ള ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് പൈനാട്ടില്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി. ഖാലിദ് മാസ്റ്റര്‍, ബ്ളോക്ക് പഞ്ചായത്തംഗം മോളി പൗലോസ്, വാര്‍ഡ് അംഗങ്ങളായ റസിയ അലി, ചൂരപ്ര ജയന്തി സ്ഥിരംസമിതി ചെയര്‍മാന്മാരായ എം.ടി. ഹംസ, ടി.എ. സമീര്‍, വി.പി. മുജീബ് റഹ്മാന്‍, പി.വി.ടി ജി ജീവനക്കാരനായ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ.ടി.ഡി.പി അധികൃതര്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.