എം.എല്‍.എയുടെ റോഡ് ഉപരോധം ഫലം കണ്ടു; അറ്റകുറ്റപ്പണി തുടങ്ങി

പൊന്നാനി: തകര്‍ന്ന ചമ്രവട്ടം-ബി.പി അങ്ങാടി റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ നടത്തിയ റോഡ് ഉപരോധം ഫലം കണ്ടു. റോഡ് അറ്റകുറ്റപ്പണി ആരംഭിച്ചു. ചമ്രവട്ടംപാലം അപ്രോച്ച് റോഡ് മുതല്‍ തിരൂര്‍ ബി.പി അങ്ങാടി വരെയുള്ള റോഡാണ് തകര്‍ന്നത്. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന ഈ റോഡ് നിറയെ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്ത അധികൃതര്‍ക്കെതിരെയാണ് എം.എല്‍.എ ബഹുജനങ്ങളെ അണിനിരത്തി നരിപറമ്പില്‍ റോഡ് ഉപരോധിച്ചത്. പല തവണ ആവശ്യപ്പെട്ടിട്ടും റോഡിന്‍െറ അറ്റകുറ്റപ്പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു ചമ്രവട്ടം-ബി.പി അങ്ങാടി റോഡ് ബി.എം ആന്‍ഡ് ബി.സി ടാറിങ്ങിന് ടെന്‍ഡര്‍ ലഭിച്ചത്. ആറര കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍െറ സബ് കോണ്‍ട്രാക്ടറായ സനാതന്‍ കമ്പനി അധികൃതരാണ് റോഡ് ടാര്‍ ചെയ്തത്. അഞ്ചര മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് ഏഴ് മീറ്ററാക്കുകയും കള്‍വെര്‍ട്ടുകളും കാനകളും നിര്‍മിക്കുകയു ചെയ്തു. എന്നാല്‍, ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും റോഡ് തകരാന്‍ തുടങ്ങി. നിറയെ കുഴികള്‍ രൂപപ്പെട്ടു. ബി.പി അങ്ങാടിയില്‍നിന്ന് തുടങ്ങിയ അറ്റകുറ്റപ്പണി പെരുന്തല്ലൂര്‍ വരെ എത്തിയിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.