വികസന പ്രതീക്ഷയില്‍ വളാഞ്ചേരി ബസ്സ്റ്റാന്‍ഡ്

വളാഞ്ചേരി: ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയതോടെ വളാഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷ. നിലവിലെ സ്റ്റാന്‍ഡില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ യാത്രക്കാരും ബസ് ജീവനക്കാരും പ്രയാസമനുഭവിക്കുകയാണ്. ദിവസവും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ ഇരുനൂറോളം ബസുകള്‍ ഇവിടെ എത്തുന്നുണ്ട്. കോഴിക്കോടിനും തൃശൂരിനുമിടയില്‍ ദേശീയപാതയോട് തൊട്ടുകിടക്കുന്ന ജില്ലയിലെ ഏക ബസ്സ്റ്റാന്‍ഡാണിത്. പഴയകാലത്ത് ആഴ്ച ചന്ത പ്രവര്‍ത്തിച്ചിരുന്ന റവന്യൂ ഭൂമിയിലാണ് 1985ല്‍ ബസ്സ്റ്റാന്‍ഡ് തുടങ്ങുന്നത്. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും വാഹനങ്ങളും യാത്രക്കാരും വര്‍ധിച്ചു. ഗതാഗത സ്തംഭനവും നിത്യസംഭവമായി മാറി. ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്തതിനാല്‍ ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നില്ല. നിലവില്‍ ദീര്‍ഘദൂര ബസുകള്‍ക്കുള്ള സ്റ്റോപ് ദേശീയപാതയില്‍ കോഴിക്കോട് റോഡില്‍ എസ്.ബി.ടിക്ക് സമീപമാണ്. ഒരേസമയം 12ഓളം ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യമേ വളാഞ്ചേരി ബസ്സ്റ്റാന്‍ഡിലുള്ളൂ. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ത്തിയിടാന്‍ ഒരു ട്രാക്ക് മാത്രമാണുള്ളത്. പല ബസുകളും മറ്റു ബസുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. പാര്‍ക്ക് ചെയ്യാന്‍ അഞ്ച് മിനിറ്റ് സമയമാണ് അനുവദിച്ചിരുന്നതെങ്കിലും പല ബസുകളും തോന്നിയപോലെ സമയം എടുക്കുന്നത് ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കത്തിനിടയാക്കുന്നു. ബസ്സ്റ്റാന്‍ഡില്‍ ട്രാഫിക് നിയന്ത്രിക്കാനും മറ്റും പലപ്പോഴും പൊലീസ് ഇല്ലാത്തത് പ്രശ്നം സങ്കീര്‍ണമാക്കുകയാണ്. സ്റ്റാന്‍ഡില്‍ പൊലീസ് സഹായ കേന്ദ്രം പുതുക്കിപ്പണിതെങ്കിലും സേവനം ആരംഭിച്ചിട്ടില്ല. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതോടെ സഹായ കേന്ദ്രം തുറന്ന് പൊലീസിന്‍െറ സേവനം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍. പെരിന്തല്‍മണ്ണ റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ വലിയ ബസുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നു. യാത്രക്കാര്‍ക്ക് ബസ്ബേയോട് ചേര്‍ന്ന് ഇരിപ്പിടം ഒരുക്കിയിരുന്നുവെങ്കിലും ഭൂരിഭാഗവും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. സ്ത്രീകളും പ്രായമായവരുമായ യാത്രക്കാരും നില്‍ക്കേണ്ട അവസ്ഥയിലാണ്. കംഫര്‍ട്ട് സ്റ്റേഷന്‍ ബസ്സ്റ്റാന്‍ഡിനകത്തെ കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.