കോട്ടപ്പടി താലൂക്കാശുപത്രിയില്‍ പുതിയ എക്സ്റേ യൂനിറ്റ് ഉടന്‍ സ്ഥാപിക്കും

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയില്‍ പുതിയ എക്സ്റേ യൂനിറ്റ് ഉടന്‍ സ്ഥാപിക്കാന്‍ നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചര്‍ നിര്‍ദേശം നല്‍കി. മൂന്നുവര്‍ഷം വാറന്‍റിയുള്ള പുതിയ എക്സ്റേ മെഷീന്‍ എത്തിയിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. നിലവിലെ എക്സ്റേ റൂമിന്‍െറ ശോച്യാവസ്ഥയാണ് ഇതിന് കാരണം. മേല്‍ക്കൂരയിലെ സീലിങ് അടര്‍ന്നുവീഴുന്നത് അപകടഭീഷണിയുയര്‍ത്തുന്നതിനാല്‍ ഇതു പരിഹരിച്ചശേഷം മരം കൊണ്ട് സീലിങ് തീര്‍ത്ത് പുതിയ യൂനിറ്റ് ഉടന്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ എന്‍ജിനീയറെ ചുമതലപ്പെടുത്തി. പുതിയ മാതൃ-ശിശു ബ്ളോക്കില്‍ ന്യൂബോണ്‍ റീസസ്റ്റേഷന്‍ യൂനിറ്റിലും ഓപറേഷന്‍ തിയറ്ററിലും ഒ.പി കൗണ്ടറുകളിലും എ.സി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ആശുപത്രി സന്ദര്‍ശിച്ച ചെയര്‍പേഴ്സന്‍ ആശുപത്രി അധികൃതരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും നേരില്‍ക്കണ്ടിരുന്നു. രാത്രിയായാല്‍ ജീവനക്കാരെ കാണാറില്ളെന്നും ഡോക്ടര്‍മാരുടെ സേവനം കാഷ്വാലിറ്റിയിലടക്കം ലഭിക്കാറില്ളെന്നുമുള്ള പരാതികള്‍ രോഗികള്‍ ചെയര്‍പേഴ്സന് മുന്നില്‍വെച്ചു. പ്രസവവാര്‍ഡിലും സ്ത്രീകളുടെ വാര്‍ഡിലെയും ശൗചാലയങ്ങളുടെ ദയനീയ സ്ഥിതിയും നേരില്‍ക്കണ്ടു. വാര്‍ഡുകളിലും ഒ.പികളിലും രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ചെയര്‍പേഴ്സന്‍ നിര്‍ദേശം നല്‍കി. ദിവസവും ശരാശരി 700ഓളം പേര്‍ എത്തുന്ന ഒ.പി ബ്ളോക്കില്‍ ആവശ്യത്തിന് വായു സഞ്ചാരമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ഒ.പിയില്‍ അടിയന്തരമായി എ.സി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഒ.പിയില്‍ കുടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ആശുപത്രി അധികൃതരുമായി സംസാരിച്ച് ഉചിതമായ നടപടി സ്വീകരിക്കാനും മുനിസിപ്പല്‍ എന്‍ജിനീയറെ ചുമതലപ്പെടുത്തി. വാര്‍ഡുകളിലേക്കുള്ള വഴിയില്‍ ആവശ്യത്തിന് വെളിച്ചമൊരുക്കണമെന്നും ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും ചെയര്‍മാനോട് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലും പരിസരങ്ങളിലും കൂടുതല്‍ ട്യൂബ് ലൈറ്റുകള്‍ സ്ഥാപിക്കാനും തീരുമാനമായി. വാഷ്ബേസിനുകളും മാലിന്യം തള്ളാനുള്ള പ്രത്യേക സൗകര്യവും ഉടന്‍ ഏര്‍പ്പെടുത്തും. സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്കും യോഗതെറപ്പിക്കും ആശുപത്രി കെട്ടിടത്തിന്‍െറ മുകളില്‍ സൗകര്യം ഒരുക്കും. മാമ്പറമ്പ് ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെയാണ് യോഗ സെന്‍റര്‍ ആരംഭിക്കുക. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, പരി അബ്ദുല്‍ മജീദ്, കപ്പൂര്‍ ഹംസ, തോപ്പില്‍ മുഹമ്മദ് കുട്ടി, കെ. സിദ്ദീഖ്, ആശുപത്രി വികസന സമിതി അംഗങ്ങളായ യൂസുഫ് കൊന്നോല, കെ.പി. അഷ്റഫ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഉമ്മര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.