പഞ്ചായത്ത് ഭൂമിയിലെ അനധികൃത ഖനനത്തിന് എം.എല്‍.എയുടെ ശിപാര്‍ശ

കൊണ്ടാട്ടി: പഞ്ചായത്തിന്‍െറ ഭൂമിയില്‍ ഖനനം നടത്തി ലക്ഷങ്ങളുടെ കല്ല് കടത്തിക്കൊണ്ടുപോയ വ്യക്തിക്ക് എം.എല്‍.എയുടെ ശിപാര്‍ശ. ചെറുകാവ് പഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിനെടുത്തിട്ട ഭൂമിയില്‍നിന്ന് അനധികൃതമായി ഖനനം നടത്തിയ കണ്ണംവെട്ടിക്കാവ് നക്കോട്ടില്‍ കുഞ്ഞിമൊയ്തീന്‍ കോയ പഞ്ചായത്തിലേക്ക് അടവാക്കേണ്ട തുക ഗഡുക്കളാക്കി നല്‍കാനാണ് എം.എല്‍.എ ശിപാര്‍ശ ചെയ്തത്. പഞ്ചായത്തിലേക്ക് 1,34,712 രൂപ അടക്കാനാണ് ജിയോളജി വകുപ്പ് കണ്ടത്തെിയത്. ഇത് 20 തുല്യഗഡുക്കളായി അടവാക്കാനാണ് എം.എല്‍.എ തദ്ദേശ സ്വയംഭരണ വകുപ്പിന് അപേക്ഷ നല്‍കിയത്. ഇത് പ്രിന്‍സിപ്പല്‍ സെക്രട്ടി ഓംബുഡ്സ്മാനെ അറിയിച്ചതായി ഓംബുഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നത്. ചെറുകാവ് പഞ്ചായത്ത് ഖരമാലന്യ സംസ്കരണത്തിനും വനിതാ വ്യവസായത്തിനുമായാണ് ഭൂമി വാങ്ങിയിരുന്നത്. ഇത് ജനങ്ങള്‍ അറിഞ്ഞിരുന്നില്ല. അന്നത്തെ ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് നൂറുകണക്കിന് ലോഡ് കരിങ്കല്ല് കടത്തിക്കൊണ്ടുപോയത്. വിവരാവകാശ പ്രവര്‍ത്തകന്‍ മനോജ് കേദാരവും പൊതുപ്രവര്‍ത്തകന്‍ അലി പുല്ലിത്തൊടിയുമാണ് പരാതി നല്‍കിയിരുന്നത്. അലി പുല്ലിത്തൊടിയുടെ പരാതി പ്രകാരം കരിപ്പൂര്‍ പൊലീസില്‍ അന്നത്തെ സെക്രട്ടറി പരാതി നല്‍കിയിരുന്നു. ഇതില്‍ ഇതുവരെ ക്രിമിനല്‍ കേസെടുത്തിട്ടില്ല. 8107 മെട്രിക് ടണ്‍ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടത്തെിയിട്ടുണ്ട്. ലോയല്‍റ്റി വിഹിതം മാത്രമാണ് ജിയോളജി വകുപ്പ് കണ്ടത്തെിയത്. പഞ്ചായത്തിനുള്ള നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ജിയോളജി വകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്. ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിക്കാര്‍ പറയുന്നു. ഇവിടെ ഖനനം നടത്തിയാല്‍ അപകടമുണ്ടാവുമെന്ന് വൈദ്യുതി ബോര്‍ഡ് പഞ്ചായത്തിനെ അറിയിച്ചിരുന്നു. അനധികൃത ഖനനം കൊണ്ട് കെ.എസ്.ഇ.ബിക്കും വന്‍ നഷ്ടമുണ്ടായിട്ടുണ്ട്. കുഞ്ഞിമൊയ്തീന്‍ കോയക്കെതിരെ ഇപ്പോഴും കേസെടുക്കാത്തത് ഉന്നത ഇടപെടലുകള്‍ മൂലമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് ഓംബുഡ്മാന്‍ ഉത്തരവില്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.