തിരൂരില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനിടെ ബഹളവും ഇറങ്ങിപ്പോക്കും

തിരൂര്‍: ഇടതുപക്ഷ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നത് പിന്നില്‍ നിന്നിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് തിരൂരില്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ബഹളത്തിലും യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിലും കലാശിച്ചു. കൗണ്‍സിലര്‍മാര്‍ക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെ നിര്‍ത്തി സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരം റിട്ടേണിങ് ഓഫിസര്‍ അട്ടിമറിച്ചെന്നാരോപിച്ചായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. ഇതിനെതിരെ ഇടതുമുന്നണി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ സി.പി.എമ്മിലെ എസ്. ഗിരീഷ് രംഗത്തത്തെിയതോടെ കൗണ്‍സില്‍ ഹാളില്‍ വാഗ്വാദവും അരങ്ങേറി. ഇതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ അര മണിക്കൂറോളം ബഹളത്തില്‍ മുങ്ങി. ബഹളത്തിനിടെയാണ് റിട്ടേണിങ് ഓഫിസര്‍ ഉപേന്ദ്രന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇരുപക്ഷത്തുനിന്നും നാമനിര്‍ദേശങ്ങള്‍ ലഭിച്ചതോടെ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് നല്‍കിത്തുടങ്ങിയത് ഇടതു കൗണ്‍സിലര്‍മാരുടെ ഭാഗത്ത് നിന്നായിരുന്നു. ബാലറ്റ് കൈയില്‍ കിട്ടിയവരെല്ലാം വോട്ട് രേഖപ്പെടുത്തിത്തുടങ്ങി. ഇതാണ് ചിലര്‍ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍നിന്ന് മൊബൈലില്‍ ഫോട്ടോയെടുത്തത്. ഇത് ചട്ടലംഘനമാണെന്നും പുതിയ ബാലറ്റ് നല്‍കി വീണ്ടും വോട്ട് ചെയ്യിക്കണമെന്നും ആവശ്യപ്പെട്ട് ലീഗിലെ കല്‍പ്പ ബാവയാണ് ആദ്യം രംഗത്തത്തെിയത്. ഇതിനിടെ കൗണ്‍സിലര്‍മാര്‍ക്ക് പിന്നില്‍ നിന്നിരുന്ന ചില സി.പി.എം പ്രാദേശിക നേതാക്കള്‍ കൗണ്‍സിലര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ഇടപെട്ടതും ബാലറ്റ് വാങ്ങി പരിശോധിച്ചതും വിവാദം രൂക്ഷമാക്കി. അതോടെ ലീഗിലെ കെ.പി. ഹുസൈന്‍, സി.എം. അലിഹാജി, പി. കോയ, പി.ഐ. റൈഹാനത്ത് തുടങ്ങിയവരും രംഗത്തിറങ്ങി. റിട്ടേണിങ് ഓഫിസറെ പിന്തുണച്ച് സി.പി.എം അംഗങ്ങളില്‍ ചിലര്‍ എഴുന്നേറ്റതോടെ ഇരുവിഭാഗവും തമ്മില്‍ വാഗ്വാദമായി. കൗണ്‍സില്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇടതുപക്ഷ അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ഇടത് അംഗങ്ങള്‍ ഇരുന്ന ഭാഗത്ത് നിന്നുതിരിയാനിടമില്ലാത്ത വിധം പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും അതിന് നടപടിയെടുക്കാതെ റിട്ടേണിങ് ഓഫിസര്‍ പക്ഷപാതപരമായി പെരുമാറുകയാണുണ്ടായതെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. വോട്ട് ചെയ്തവരുടെ പേരും അവര്‍ ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്നതും പരസ്യപ്പെടുത്തുമെന്നതിനാല്‍ കൗണ്‍സിലര്‍മാര്‍ക്കു പിന്നില്‍ ആളുകള്‍ കൂടി നിന്നതില്‍ അപാകതയില്ളെന്നായിരുന്നു റിട്ടേണിങ് ഓഫിസറുടെ നിലപാട്. ഇതിനിടെ രഹസ്യമായി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് യു.ഡി.എഫുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അപ്പോഴേക്കും ഇടതുനിരയിലെ എല്ലാവരുടെയും വോട്ടിങ് പൂര്‍ത്തിയായിരുന്നു. അതോടെ ലീഗ് അംഗങ്ങള്‍ റിട്ടേണിങ് ഓഫിസര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനെ സി.പി.എം പ്രവര്‍ത്തകര്‍ കൂവലോടെയാണ് നേരിട്ടത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച ലീഗ് അംഗങ്ങള്‍ ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കുമെന്ന് അറിയിച്ചാണ് ഇരിപ്പിടങ്ങളിലേക്ക് മടങ്ങിയത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നടപടികളിലേക്ക് കടക്കുമ്പോഴും ലീഗ് പ്രതിഷേധത്തിലായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ കൗണ്‍സില്‍ ഹാളില്‍നിന്ന് ഇറങ്ങിപ്പോയ യു.ഡി.എഫ് അംഗങ്ങള്‍ തുടര്‍ന്ന് നടന്ന ചെയര്‍മാന്‍െറ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു. കൗണ്‍സില്‍ ഹാളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കാന്‍ ചട്ടം അനുവദിക്കുന്നില്ളെന്നും ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയാല്‍ ശക്തമായ നിയമ നടപടികളെടുക്കുമെന്നും യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ റിട്ടേണിങ് ഓഫിസര്‍ ഉപേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഉച്ചക്കുശേഷം ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സമയത്ത് കൗണ്‍സില്‍ ഹാളിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.