തിരൂര്‍–ചമ്രവട്ടം–നരിപറമ്പ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടിയായില്ല

പുറത്തൂര്‍: കഴിഞ്ഞ വര്‍ഷം കോടികള്‍ മുടക്കി റബറൈസ് ചെയ്ത തിരൂര്‍-ചമ്രവട്ടം-നരിപറമ്പ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ 23ന് കെ.ടി. ജലീല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചമ്രവട്ടം റെഗുലേറ്ററിന് സമീപം റോഡ് ഉപരോധിക്കും. റോഡ് പലഭാഗത്തും തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ അപ്രോച്ച് റോഡും തകര്‍ന്ന് കിടക്കുകയാണ്. ശബരിമല സീസണ്‍ ആരംഭിച്ചതോടെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി തീര്‍ഥാടകരാണ് ഈ വഴി യാത്ര ചെയ്യുന്നത്. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എക്ക് കേരള സ്റ്റേറ്റ് റോഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെയും ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. റോഡ് കരാറുകാരന്‍െറയും റോഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. നവംബര്‍ 22നകം തിരൂര്‍-ചമ്രവട്ടം-നരിപറമ്പ് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ചമ്രവട്ടത്ത് റോഡ് ഉപരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.